ബി.ജെ.പിക്കായി എം.എൽ.എമാരെ വിലക്കെടുക്കുന്നുവെന്ന സംഭവത്തിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് ടി.ആർ.എസ്. തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എമാരുമായി തുഷാർ ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭാഷണത്തിനിടെ ബി.ജെ.പി നേതാവായ ബി.എൽ സന്തോഷുമായി സംസാരിക്കാൻ അവസരം നൽകാമെന്നാണ് തുഷാർ വാഗ്ദാനം നൽകിയത്.
തെലങ്കാന രൂപവത്കരിച്ച ശേഷം തുടർച്ചായി സംസ്ഥാനം ഭരിക്കുന്ന ടി.ആർ.എസിനെ ഏതു വിധേനയും പുറത്താക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകളുമായി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നേരത്തെ രംഗത്തെത്തിയിരുന്നു. ടി.ആർ.എസ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ തുഷാർ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ആരോപിക്കപ്പെട്ടത്. നാല് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം. എം.എൽ.എമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴിഞ്ഞ ദിവസമാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു എം.എൽ.എക്ക് നൂറുകോടി എന്നതായിരുന്നു വാഗ്ദാനം. ഇങ്ങനെ എം.എൽ.എമാർക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി രംഗത്ത് വന്നു. പുറത്ത് വിട്ട ദൃശ്യങ്ങൾ വ്യാജമാണെന്നായിരുന്നു കിഷൻ റെഡ്ഡിയുടെ വാദം. തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിൽ പ്രധാനം. ഇത് കൂടാതെ മറ്റ് മൂന്ന് എം.എൽ.എമാർക്ക് അൻപത് കോടി നൽകാമെന്ന ഉറപ്പിന്മേലാണ് ബി.ജെ.പിക്ക് വേണ്ടി തുഷാർ നീക്കം നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. നിലവിൽ കേരള എൻ.ഡി.എ കൺവീനറാണ് തുഷാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.