മുംബൈ: മഹാരാഷ്ട്രയിൽ കസ്ബ പേത്ത്, ചിഞ്ച്വാട് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉദ്ധവ് താക്കറെ പക്ഷ ശിവസേന, എൻ.സി.പി, കോൺഗ്രസ് (എം.വി.എ) സഖ്യത്തിന് ആത്മവിശ്വാസം പകരുമ്പോൾ ബി.ജെ.പി-ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന സഖ്യത്തിന് പ്രതികൂല സൂചനകൾ നൽകുന്നു. ശിവസേനയെ പിളർത്തി ഷിൻഡെ ബി.ജെ.പി സഖ്യത്തിൽ സർക്കാറുണ്ടാക്കിയതിനും യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിധിക്കും ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണ് പുണെയിലെ രണ്ട് മണ്ഡലങ്ങളിൽ നടന്നത്. ബി.ജെ.പി എം.എൽ.എമാരുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
28 വർഷം ബി.ജെ.പി കോട്ടയായിരുന്ന കസ്ബ പേത്ത് കോൺഗ്രസിലെ രവീന്ദ്ര ധങ്കേക്കർ 10,915 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിടിച്ചടക്കിയത്. ചിഞ്ച്വാടിൽ അന്തരിച്ച എം.എൽ.എയുടെ വിധവ അശ്വിനി ജഗതാപിലൂടെ സീറ്റ് നിലനിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും, ആശ്വാസത്തിന് വകയില്ല. സീറ്റ് കിട്ടാത്തതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച ഉദ്ധവ് പക്ഷക്കാരൻ രാഹുൽ കലാട്ടെ എം.വി.എയുടെ വോട്ട് ഭിന്നിപ്പിച്ചത് ബി.ജെ.പിക്ക് തുണയാകുകയായിരുന്നു.
ഉദ്ധവ് പക്ഷവും എൻ.സി.പിയും കോൺഗ്രസും ഒന്നിച്ചുനിന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഉദ്ധവിനെ ബി.ജെ.പി ഒതുക്കാൻ ശ്രമിക്കുകയാണെന്ന മറാത്തികളിലെ വികാരവും എം.വി.എക്ക് തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.