ഷിംല: പൊതുതെരഞ്ഞെടുപ്പിനൊപ്പം 12 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ജയിച്ച് വിവിധ പാർട്ടികൾ. ഹിമാചൽ പ്രദേശിലെ ആറു മണ്ഡലങ്ങളിൽ നാലിടത്ത് ജയിച്ച് കോൺഗ്രസ് സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കി. 68 അംഗ സഭയിൽ 34 ആയിരുന്ന പ്രാതിനിധ്യം 38 ആക്കി ഉയർത്തിയപ്പോൾ രണ്ടിടത്ത് ജയിച്ച ബി.ജെ.പിക്ക് 27 എം.എൽ.എമാരായി.
രാജ്യസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ വോട്ടുചെയ്തതിന് കോൺഗ്രസ് പുറത്താക്കിയ ആറു എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. സുജൻപൂർ, ലഹൗൽ സ്പിറ്റി, ഗാഗ്രെത്, കട് ലെഹാർ മണ്ഡലങ്ങൾ കോൺഗ്രസ് പിടിച്ചപ്പോൾ ബർസാർ, ധരംശാല എന്നിവിടങ്ങളിലാണ് ബി.ജെ.പി ജയം.
ആറിടത്തും ജയിച്ച് ഭരണം പിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഇതോടെ പാതിവഴിയിലായി. അഞ്ചിടത്ത് തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ എല്ലായിടത്തും ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ ജയം കണ്ടു. വിജാപൂർ, പോർബന്ധർ, മാനവാദർ, വഘോഡിയ എന്നിവിടങ്ങളിലായിരുന്നു ബി.ജെ.പി വിജയം.
ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിൽ രണ്ടിടത്ത് സമാജ്‍വാദി പാർട്ടി വിജയിച്ചപ്പോൾ ഒരിടത്ത് ബി.ജെ.പി മികച്ച വിജയം നേടി. രണ്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് രണ്ടിടത്തും മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.