ന്യൂഡൽഹി: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ മാത്രമല്ല, വിവാദ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സന്ദർഭത്തിൽ കൂടിയാണ് അത് നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുനീങ്ങുന്നത്. പുതിയ രാഷ്ട്രീയ-നിയമ യുദ്ധങ്ങളിലേക്കാണ് സി.എ.എ ചട്ടവിജ്ഞാപനം നീങ്ങുന്നത്.
വിവാദ നിയമ ഭേദഗതിക്കെതിരായ ഹരജികൾ സുപ്രീംകോടതി അന്തിമ വാദത്തിനായി വെച്ചിരിക്കുകയാണ്. ഹരജികൾ മുൻനിർത്തി കോടതി സർക്കാറിന് നോട്ടീസ് അയക്കുകയും സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. അന്തിമവാദത്തിലേക്കു കടക്കുന്നതിനുമുമ്പേ ചട്ടം വിജ്ഞാപനം ചെയ്ത സർക്കാർ തുടർനടപടികളിലേക്ക് പോകുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഉപഹരജി നൽകാനുള്ള ഒരുക്കത്തിലാണ് ഹരജിക്കാർ. വോട്ടെടുപ്പിലേക്കുനീങ്ങുന്ന രാജ്യത്ത് വിഭാഗീയ അജണ്ട എടുത്തിട്ട മോദി സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും പൗരാവകാശ പ്രവർത്തകരും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ ചർച്ചകൾ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനുള്ള ശ്രമമാണ് സർക്കാറിന്റേത്. പൗരത്വ ഭേദഗതി നിയമ (സി.എ.എ) ചട്ടങ്ങൾക്ക് പ്രാബല്യം നൽകിയ സാഹചര്യത്തിൽ പ്രതിഷേധം കണക്കിലെടുക്കാതെ തുടർനടപടികളിലേക്ക് കടക്കാനും സർക്കാർ ഒരുങ്ങുമെന്ന് വ്യക്തം.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിലെത്തിയ മുസ്ലിം ഇതര മതവിഭാഗങ്ങളിൽപെട്ടവർക്ക് രേഖകളൊന്നുമില്ലെങ്കിൽകൂടി ഇന്ത്യൻ പൗരത്വം അനുവദിക്കും.
ഓൺലൈനിലാണ് അപേക്ഷ സ്വീകരിക്കുക. യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം അപേക്ഷകർ സ്വമേധയ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. അപേക്ഷകർ ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ പരിശോധിച്ച് പൗരത്വം അനുവദിക്കാമെന്ന് ശിപാർശ നൽകുന്നത് ജില്ല കലക്ടർ/മജിസ്ട്രേറ്റുമാരാണ്. ഈ നടപടിക്രമങ്ങളുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തിറക്കിയ ചട്ടത്തിലുള്ളത്. ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) എന്നിവയുമായി പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) ബന്ധമില്ലെന്ന് സർക്കാർ വിശദീകരിക്കുന്നു.
ന്യൂഡൽഹി: മൂന്ന് അയൽരാജ്യങ്ങളിലെ മുസ്ലിംകൾ ഒഴികെയുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന വിധത്തിൽ 2019 ഡിസംബർ 11ന് പാർലമെന്റിൽ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് വൻ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ഡിസംബർ 13ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ പ്രാബല്യത്തിലായിരുന്നില്ല.
ഡിസംബർ 15ന് ഡൽഹിയിലെ ഷാഹീൻ ബാഗിൽ സ്ത്രീകൾ സമരം ആരംഭിച്ചതോടെയാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭം വാർത്തകളിൽ നിറഞ്ഞുതുടങ്ങിയത്. സമരം അടിച്ചമർത്താൻ ഭരണകൂടം രംഗത്തിറങ്ങിയതോടെ ഷാഹീൻബാഗ് ലോകതലത്തിൽതന്നെ ശ്രദ്ധാകേന്ദ്രമായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും പ്രക്ഷോഭ തീച്ചൂളയായി. അസമിലെ ഗുവാഹതിയിലും ദിസ്പൂരിലും അഗർത്തലയിലും ആയിരങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ കാമ്പസിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമമുണ്ടായി. കാമ്പസിൽ കടന്ന പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. 200ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റു. പൊലീസ് നടപടി വ്യാപക വിമർശനത്തിന് കാരണമായി.
അലീഗഢ് മുസ്ലിം സർവകലാശാല കാമ്പസിലെ പ്രതിഷേധക്കാർക്കു നേരെയും പൊലീസ് നടപടിയുണ്ടായി. 80ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലും വിദ്യാർഥികൾക്കു നേരെ ആക്രമണമുണ്ടായി. പശ്ചിമ ബംഗാളിൽ മുർശിദാബാദ് ജില്ലയിൽ പ്രതിഷേധക്കാർ അക്രമാസക്തരായി ട്രെയിനുകൾക്ക് തീയിട്ടു. ഡൽഹിയിലെ ചെങ്കോട്ടയിലും ബംഗളൂരുവിലും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഹൈദരാബാദ് സർവകലാശാലയിലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് പ്രതിഷേധ മാർച്ച് നടത്തിയതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. 2020 ഫെബ്രുവരിയിൽ 53 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപവും സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ തുടർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.