ന്യൂഡൽഹി: രാജ്യത്തെ കലുഷിത സാഹചര്യത്തിലേക്ക് തള്ളിവിട്ട പൗരത്വ ഭേദഗതി നിയമം പിൻവലിക്കാനും ജാമിഅയിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും സർക്കാറിനെ ഉപദേശിക്കണമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുന്നിലെത്തി.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം െഡറിക് ഒബ്രിയൻ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു, സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ്, മുസ്ലിംലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരാണ് രാഷ്ട്രപതിയെ കണ്ടത്.
കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കത്തിപ്പടരുന്നത് സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തി. ഉചിത നടപടി സ്വീകരിക്കാമെന്ന് രാഷ്ട്രപതി ഉറപ്പു നൽകിയതായി നേതാക്കൾ പിന്നീട് വാർത്തലേഖകരോട് പറഞ്ഞു. ജനശബ്ദം ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്ന മോദിസർക്കാറിന് സഹാനുഭൂതി എന്നൊന്നില്ലെന്ന് വാർത്തലേഖകരോട് സംസാരിച്ച സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ജാമിഅ കാമ്പസിൽ അനുവാദം കൂടാതെ കയറിയ പൊലീസ് വനിത ഹോസ്റ്റലിൽ നിന്നടക്കം കുട്ടികളെ വലിച്ചിഴച്ചു. നിർദയം മർദിച്ചു. നടുക്കമുളവാക്കുന്ന സംഭവങ്ങളാണ് നടന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് രാജ്യമെമ്പാടും പ്രതിഷേധം വ്യാപിക്കുകയാണ്. ഇത് കൂടുതൽ വ്യാപിക്കാൻ സാധ്യതയുമുണ്ട്. ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങൾ പൊലീസ് നേരിടുന്ന രീതിയിൽ ഉത്കണ്ഠയുണ്ടെന്ന് സോണിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.