ഗുവാഹതി: അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഡൽഹി നേതൃത്വത്തിന് അടിയറവ് പറയുകയാണെന്ന് അസം പ്രക്ഷോഭത്തിെൻറ മുൻനിരയിലുള്ള ‘ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ’ (ആസു) ആരോപിച്ചു.
പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് ‘ആസു’ മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു. വർഗീയ സ്വഭാവമുള്ള ബില്ലിന് അംഗീകാരം നൽകുക വഴി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഭരണഘടന ലംഘനം നടത്തി. ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്. ഇത് അംഗീകരിക്കില്ല. നിയമം അസം ജനത തള്ളിയിരിക്കുകയാണ്. സമരത്തിലെ അക്രമം ഒഴിവാക്കണം.
ചിലർ അക്രമം നടത്താൻ ശ്രമിക്കുന്നുണ്ട്. അക്രമമുണ്ടായാൽ സർക്കാറിന് പ്രക്ഷോഭം തടയാനാകും. അതുകൊണ്ട് അക്രമം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുകയാണ്. -അദ്ദേഹം പറഞ്ഞു.
അസം ഉടമ്പടിക്ക് കാരണമായ അനധികൃത കുടിയേറ്റക്കാർക്കെതിരായ 1979-85കാലത്തെ സമരം നയിച്ചത് ‘ആസു’ ആണ്. സോനോവാൾ വന്ന വഴി മറക്കരുതെന്ന് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു.90കളിൽ ‘ആസു’ ഭാരവാഹിയായിരുന്നു സോനോവാൾ.
അതേസമയം, ഗുവാഹതിയിലെ പല കടകളിലും സാധനങ്ങൾ തീർന്ന അവസ്ഥയിലാണ്. ജനം സാധനങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിനാലാണിത്. കടകളിൽ ജനം വരി നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. ഇതിനിടെ, ഗുവാഹതിയിൽ നിശാനിയമം വെള്ളിയാഴ്ച ഉച്ചക്കു ശേഷം പിൻവലിക്കുമെന്ന വ്യാജവാർത്ത പടർന്നു. അധികൃതർ ഇതു നിഷേധിച്ചു. ഗുവാഹതിയുടെ മുക്കിലും മൂലയിലും പൊലീസും പട്ടാളവുമുണ്ട്. ജനങ്ങളുടെ പോക്കുവരവോ വാഹന സഞ്ചാരമോ തടയുന്നില്ല. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല.
ജനാധിപത്യ പ്രക്രിയയിൽ അക്രമത്തിന് ഒരു ഇടവുമില്ലെന്നും അക്രമ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി സോനോവാൾ പറഞ്ഞു. തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കും. സംഘർഷഭരിതമായ പ്രക്ഷോഭങ്ങളിലേക്ക് കുട്ടികൾ പോകുന്നത് രക്ഷിതാക്കൾ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ, അസമിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നാഗാലാൻഡിൽ അവശ്യ വസ്തുക്കൾ കിട്ടാതാകുമോ എന്ന ആശങ്ക പടർന്നു. വെള്ളിയാഴ്ച ഇവിടെ ജനം സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു. തലസ്ഥാനമായ കൊഹിമയിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിര ദൃശ്യമായിരുന്നു.
ഇന്ധന ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നാണ് അധികൃതർ പറയുന്നത്. ദിമാപുർ ഡിപ്പോയിൽ മതിയായ ശേഖരമുണ്ടെന്നും കൂടുതൽ ഇന്ധനം വരും ദിവസങ്ങളിൽ റെയിൽ മാർഗം എത്തുമെന്നും അവർ അറിയിച്ചു. അസമിൽ കുടുങ്ങിയ നാഗാലാൻഡിലേക്കുള്ള യാത്രികർക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിശാനിയമം 12 മണിക്കൂറാക്കി ചുരുക്കി. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിലാണിതെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല ഡെപ്യൂട്ടി കമീഷണർ എം.ഡബ്ല്യു. നൊങ്ബ്രി പറഞ്ഞു.
ബംഗാളിൽ റെയിൽവെ സ്റ്റേഷന് തീയിട്ടു
കൊൽക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആയിരങ്ങൾ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ബെൽദങ്ക റെയിൽവെ സ്റ്റേഷൻ കോംപ്ലക്സിന് തീയിട്ടു. ഇവിടെ നിയോഗിച്ച റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മുർഷിദാബാദ്. ആക്രമണത്തെ തുടർന്ന് ഇവിടെ റെയിൽ ഗതാഗതം തടസപ്പെട്ടു.
ഐ.ഐ.ടി ഗുവാഹത്തിയിൽ നിന്ന് പി.എച്ച്.ഡി ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ പലേരി ധീരജ് മാധ്യമത്തോട്.
പൗരത്വ ഭേദഗതി ബിൽ ഇരു സഭകളും പാസാക്കിയതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളോടെ ഐ.ഐ.ടി കാമ്പസും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. ബ്രഹ്മപുത്രയുടെ തീരത്ത് 700 ഏക്കറിലുള്ള കാമ്പസിൽ ആശയവിനിമയം, ഗതാഗതം, ഭക്ഷണസൗകര്യം എന്നിവ പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടു. സംസ്ഥാനത്തെ പത്തു ജില്ലകളിൽ ബ്രോഡ്ബാൻഡ് നിരോധനമുണ്ട്. എല്ലായിടങ്ങളിലും വൻ സുരക്ഷ ഏർപ്പെടുത്തിയതിനാൽ പുറത്തിറങ്ങാനാകുന്നില്ല. കാമ്പസിന് പുറെത്ത കടകൾ പ്രതിഷേധം മൂലവും സാധന ലഭ്യത കുറവും മൂലം അടച്ചു.
കാമ്പസിൽ വാട്സ് ആപ്, ഫേസ്ബുക്ക്, യൂട്യൂബ് സാമൂഹിക മാധ്യമങ്ങൾക്ക് ഉൾപ്പെടെ വിലക്കാണ്. ഫോൺ വിളിക്ക് മാത്രമാണ് അനുമതി. മെസ്സിൽ ഭക്ഷണത്തിന് പരിധി നിശ്ചയിച്ചു. പലവ്യഞ്ജനങ്ങളും പച്ചക്കറികളും എത്താത്തതാണ് കാരണം. സാധനങ്ങളുമായി അയൽ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പൊലീസും സുരക്ഷ സേനയും തിരിച്ചയക്കുകയാണ്. സ്ഥിതിയിൽ മാറ്റമുണ്ടായില്ലെങ്കിൽ ഭക്ഷണ ക്ഷാമത്തിന് സാധ്യതയേറെ.
പെട്രോൾ പമ്പുകൾ പലതും ഇന്ധനമില്ലാത്തതിനാൽ അടച്ചു. ലഭ്യമായ ഇടങ്ങളിൽ നീണ്ട വരിയാണ്. ജനങ്ങൾ ഭക്ഷണ സാധനങ്ങളും ഇന്ധനവും ശേഖരിച്ചുവെക്കാനും ശ്രമിക്കുന്നു. നഗരത്തിൽ ടാക്സികൾ കുറഞ്ഞു. ഗുവാഹത്തി വിമാനത്താവളത്തിൽനിന്ന് കാമ്പസിലേക്ക് 500 രൂപയാണ് ടാക്സിക്ക് ചാർജ്. അത് 1000 മുതൽ 2000 വരെയായി.
സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറുകൾ കുറഞ്ഞു. വിദ്യാഭ്യാസപരമായ എന്തെങ്കിലും നടക്കുന്നത് ഐ.െഎ.ടിയിൽ മാത്രമാണ്. ഗുവാഹത്തി സർവകലാശാല ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. റോഡ്, റെയിൽ, എയർ ഗതാഗതം നിലച്ചു. നാഗാലാൻഡിലെ ഹോൺബിൽ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന മലയാളികൾ ഉൾപ്പെടെ ഗുവാഹത്തി വിമാനത്താവളത്തിലും ദിമാപൂർ റെയിൽവേ സ്റ്റേഷനിലും കുടുങ്ങി. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഐ.ഐ.ടി വിദ്യാർഥികൾ പൗരത്വ ബില്ലിനെതിരെ ദേശീയപാത ഉപരോധിച്ചിരുന്നു. അധ്യാപകരും സ്റ്റാഫും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.