ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസരംഗത്ത് സാമ്പത്തിക ഞെരുക്കം വെല്ലുവിളിയായ വിദ്യാർഥികളെ ലക്ഷ്യമിട്ട് പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ മികവു പുലർത്തുന്ന 860 ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന 22 ലക്ഷത്തോളം വിദ്യാർഥികൾക്ക് പദ്ധതി ഉപകാരപ്രദമാവും.
ഈടില്ലാത്തതും ആൾജാമ്യം ആവശ്യമില്ലാത്തതുമായ വിദ്യാഭ്യാസ വായ്പകളാണ് പദ്ധതി വഴി ലഭ്യമാവുക. വായ്പ വിതരണം കാര്യക്ഷമമാക്കാൻ ബാങ്കുകളെ സഹായിക്കുന്നതിന് 7.5 ലക്ഷംവരെയുള്ള വായ്പകളിൽ കേന്ദ്രം 75 ശതമാനം ഈടും നൽകും.
വായ്പ ഇങ്ങനെ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയും വിദ്യാഭ്യാസ വായ്പ ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വിദ്യാർഥിക്കും പി.എം വിദ്യാലക്ഷ്മി പദ്ധതി വഴി വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയെത്തുന്ന വിദ്യാർഥികൾക്കും തൊഴിലധിഷ്ഠിത, സാങ്കേതിക കോഴ്സുകൾ തെരഞ്ഞെടുക്കുന്നവർക്കും മുൻഗണന നൽകും. സർക്കാർ 75 ശതമാനത്തോളം ഈടുനൽകുന്നതിനാൽ ബാങ്കുകൾക്ക് കൂടുതൽ ആളുകൾക്ക് വായ്പ അനുവദിക്കാനാകും.
4.5 ലക്ഷംവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നിലവിലെ പലിശരഹിത വായ്പ തുടരും. എട്ടുലക്ഷംവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾ എടുക്കുന്ന 10 ലക്ഷംവരെയുള്ള വിദ്യാഭ്യാസ ലോണുകൾക്ക് മൊറട്ടോറിയം കാലയളവിൽ മൂന്നുശതമാനം പലിശ സബ്സിഡി നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. 2024-25 സാമ്പത്തിക വർഷം മുതൽ 2030-31 വരെ 3,600 കോടിയാണ് പദ്ധതിക്കായി നീക്കിവെക്കുക.
ഉന്നത വിദ്യാഭ്യാസവകുപ്പ് എല്ലാവർഷവും രാജ്യത്തെ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കും. ഇവയിൽ ആദ്യ 100 റാങ്കുള്ള സ്ഥാപനങ്ങളിൽ വായ്പ ലഭ്യമാവും. ഇതിന് പുറമെ സംസ്ഥാനതലത്തിൽ 101 മുതൽ 200 വരെ റാങ്കിലെത്തുന്ന സ്ഥാപനങ്ങളിലും കേന്ദ്രസർക്കാറിന് കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പി.എം വിദ്യാലക്ഷ്മി പദ്ധതിയുടെ ആനുകൂല്യങ്ങൾ കിട്ടും. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതികളായ പി.എം യു.എസ്.പിക്ക് കീഴിൽ സെൻട്രൽ സെക്ടർ പലിശ സബ്സിഡി (സി.എസ്.ഐ.എസ്), വിദ്യാഭ്യാസ വായ്പകൾക്കുള്ള ക്രെഡിറ്റ് ഗ്യാരൻറി ഫണ്ട് സ്കീം (സി.ജി.എഫ്.എസ്.ഇ.എൽ) എന്നിവക്ക് അനുബന്ധമായാവും പി.എം വിദ്യാലക്ഷ്മി പദ്ധതി നിലവിൽ വരുക.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് ‘പി.എം-വിദ്യാലക്ഷ്മി’ എന്ന ഏകീകൃത പോര്‍ട്ടല്‍ ഉണ്ടായിരിക്കും. അതില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പക്കും പലിശയിളവിനും അപേക്ഷിക്കാന്‍ കഴിയും. ഇ-വൗച്ചര്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി സബ്സിഡി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.