ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നൈട്രജനെ ഓക്സിജനാക്കി മാറ്റാമെന്ന ഉത്തർപ്രദേശ് സർക്കാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സംസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ നിരവധി മനുഷ്യർ മരിച്ചുവീഴുേമ്പാഴും ഓക്സിജൻ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന വിവാദമായിരുന്നു. കഴിഞ്ഞ ദിവസം നൈട്രജനെ ഓക്സിജനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി സംസാരിച്ചെന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയായിരുന്നു. അതിനൊപ്പം പ്രശാന്ത് ഭൂഷണും അണിചേരുകയായിരുന്നു.
'യു.പിയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് യോഗി പറയുന്നു. നൈട്രജനെ ഓക്സിജൻ എന്ന് പുനർ നാമകരണം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു' -എന്നായിരുന്നു കുറിപ്പ്. കൂടാതെ ഒരു ചിത്രവും അതിനൊപ്പം പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ഫോണിൽ യോഗി ആദിത്യനാഥ് സംസാരിക്കുന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പായി 'ഹലോ നൈട്രജൻ, ഇന്നുമുതൽ നിന്‍റെ പേര് ഓക്സിജൻ' എന്നു ചേർത്തിരിക്കുന്നതാണ് ചിത്രം.
യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ കഴിഞ്ഞദിവസത്തെ ട്വീറ്റ് വിവാദമായിരുന്നു. നൈട്രജൻ നിർമിക്കുന്ന പ്ലാന്‍റിനെ വായുവിൽനിന്ന് ഓക്സിജൻ നിർമിക്കുന്ന പ്ലാന്‍റാക്കി മാറ്റുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ഐ.ഐ.ടി കാൺപൂർ വിദഗ്ധരുമായി സംസാരിച്ചുവെന്നായിരുന്നു ട്വീറ്റ്. കൂടാതെ യോഗി ആദിത്യനാഥും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നു. എന്നാൽ നൈട്രജനെ ഒരിക്കലും ഒാക്സിജൻ ആക്കി മാറ്റാൻ സാധിക്കില്ലെന്നതാണ് സത്യം.
യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനക്ക് പിന്നാലെ ട്വിറ്ററിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. 'നൈട്രജനെ ഓക്സിജനാക്കി മാറ്റുന്നത് യു.പിയിലെ മതപരിവർത്തന നിയമത്തിന്‍റെ ലംഘനമാകിേല്ല?' -എന്നായിരുന്നു ട്വിറ്ററിൽ ഉയർന്ന സംശയം.
സെക്കന്‍റുകൾക്കുള്ളിൽ കെമിസ്ട്രിയെ തകർത്തുകളഞ്ഞുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. െഎ.ഐ.ടിക്കാർ നൈട്രജനെ ഓക്സിജനാക്കി മാറ്റിയാൽ ഞാൻ ഇരുമ്പിനെ സ്വർണമാക്കി മാറ്റുമെന്നായിരുന്നു ഒരു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.