ന്യൂഡൽഹി: വാക്സിൻ സ്വീകരിച്ചതിന് ശേഷം കോവിഡ് 19 ബാധിക്കുമോ?. ഏതൊരാൾക്കും ഉണ്ടായേക്കാവുന്ന സംശയമാണിത്. ഇൗ വിഷയത്തിൽ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല.
'രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതുകൊണ്ട് കോവിഡ് ബാധിക്കില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. കുത്തിവെപ്പിന് ശേഷം മാസ്ക് ധരിക്കുന്നത് കർശനമായി തുടരേണ്ടതാണ്' -ഡോ. കൃഷ്ണ എല്ല പറഞ്ഞു. 'കുത്തിവക്കുന്ന എല്ലാ വാക്സിനുകളുടെയും പ്രശ്നം അതാണ്. വാക്സിൻ രോഗം ഗുരുതരമാകുന്നത് തടയുകയും ജീവനുള്ള ഭീഷണി കുറക്കുകയും ചെയ്യുന്നു' -അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് ബാധ ഗുരുതരമായി തുടരുകയാണ്. തുടർച്ചയായി ഏഴാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നത്.
മെയ് ഒന്ന് മുതൽ 18 വയസിൽ കൂടുതൽ പ്രയമുള്ളവർക്കുള്ള വാക്സിൻ യജ്ഞം ആരംഭിക്കുന്നതിനാൽ വാക്സിൻ ഉൽപാദനം കൂട്ടാൻ ഭാരത് ബയോടെക് തീരുമാനിച്ചിരുന്നു. മെയ് മാസം 30 ദശലക്ഷം ഡോസ് കോവാക്സിൻ ഉൽപാദിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. മാർച്ചിൽ 15 ദശലക്ഷവും ഏപ്രിലിൽ 20 ദശലക്ഷം ഡോസും കോവാക്സിനാണ് ഭാരത് ബയോടെക് ഉൽപാദിപ്പിച്ചത്.
പ്രതിവർഷം 700 ദശലക്ഷം ഡോസ് വാക്സിൻ ഉൽപാദനമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരത് ബയോടെക് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.