ന്യൂഡൽഹി: ലൈറ്റ് മോട്ടോർ വാഹന ലൈസൻസുള്ള വ്യക്തിക്ക് 7,500 കിലോഗ്രാമിൽ കൂടാത്ത ഭാരം കയറ്റിയ ഇതേ വിഭാഗത്തിൽപ്പെട്ട ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ കഴിയുമോയെന്ന വിഷയത്തിൽ സർക്കാർ നിയോഗിച്ച സമിതി കരട് റിപ്പോർട്ട് സമർപ്പിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഏപ്രിൽ 15 വരെ സമയം നൽകി കേന്ദ്രത്തിന് കത്തയച്ചു. എന്നിട്ടും പരിഹാരമാകുന്നില്ലെങ്കിൽ കോടതി ഹരജികളിൽ വാദം കേട്ട് വിധി പുറപ്പെടുവിക്കുമെന്നും ബെഞ്ച് അറിയിച്ചു. വിഷയത്തിൽ ഇടപെടാൻ പാർലമെന്റിന് താൽപര്യമുണ്ടെങ്കിൽ അതിനും കഴിയുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ലൈറ്റ് മോട്ടോർ വാഹന ലൈസൻസുള്ള വ്യക്തിക്ക് ഇതേ വിഭാഗത്തിൽപ്പെട്ട ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ അനുമതി നൽകുന്ന 2017ലെ സുപ്രീംകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇൻഷുറൻസ് കമ്പനികൾ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. സ്വകാര്യ കാർ, ഓട്ടോറിക്ഷ എന്നിവ ഓടിക്കാൻ ലൈസൻസുള്ള വ്യക്തിക്ക് യാത്രക്കാരെ കയറ്റുന്ന കാബുകളും ബസുകളും ഓടിക്കാൻ ഗതാഗത വകുപ്പിെന്റ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് 2017 ജൂലൈയിൽ കോടതി വിധിച്ചത്.
ഇത് റോഡ് സുരക്ഷ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് കമ്പനികൾ സമർപ്പിച്ച 75 ഹരജികളാണ് കോടതിയുടെ മുമ്പാകെയുള്ളത്. കോടതി ഉത്തരവ് പ്രകാരം ഓട്ടോറിക്ഷ ഡ്രൈവർക്ക് വിദഗ്ധ പരിശീലനമില്ലാതെതന്നെ റോഡ് റോളറോ സ്കൂൾ ബസോ മറ്റ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങളോ ഓടിക്കാൻ കഴിയുമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ആവശ്യമെങ്കിൽ 1988ലെ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കണമെന്ന് കോടതി നേരത്തെ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. ഇതുവഴി ലക്ഷക്കണക്കിന് ട്രാൻസ്പോർട്ട് വാഹന ഡ്രൈവർമാരുടെ ഉപജീവനം തടസ്സപ്പെടുന്നത് ഒഴിവാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇതിന് കുടുതൽ സമയം ആവശ്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചതനുസരിച്ചാണ് ബന്ധപ്പെട്ട കക്ഷികൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുമായി കൂടിയാലോചിച്ച് ജനുവരി 17ന് മറുപടി നൽകാൻ കഴിഞ്ഞ നവംബർ 22നാണ് കോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകിയത്.
റിപ്പോർട്ട് പൂർണമാക്കാൻ ഫെബ്രുവരി പകുതി വരെ കോടതി സമയം അനുവദിച്ചു. ബന്ധപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ടിെന്റ പകർപ്പുകൾ നൽകാനും കോടതി നിർദേശിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ ഏപ്രിൽ 23ന് വാദം കേൾക്കൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.