ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ നാലു കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്തർ പ്രദേശിലെ യോഗി സർക്കാറിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കേസിൽ യു.പി പൊലീസ് നടത്തുന്ന അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് താക്കീത് ചെയ്തു.
അന്വേഷണം മന്ദഗതിയിലാക്കാൻ സംസ്ഥാന പൊലീസ് ശ്രമിക്കരുതെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിന്‍റെ തൽസ്ഥിതി റിപ്പോർട്ടിന് വേണ്ടി ഇന്ന് പുലർച്ചെ ഒരു മണിവരെ കാത്തിരുന്നുവെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.
യു.പി പൊലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണുള്ളത്. ഇതില്‍ നാലു പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടപ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തത് എന്തു കൊണ്ടാണെന്ന് പരമോന്നത കോടതി ചോദിച്ചു.
ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധിയായതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ വൈകിയതെന്ന് യു.പി സര്‍ക്കാറിന്‍റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. അടുത്ത ആഴ്ചക്കകം മുഴുവൻ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിടണമെന്ന ഹരജി പരിഗണിക്കുന്നത് ഒക്ടോബര്‍ 26ലേക്ക് മാറ്റി. പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.പി സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.