തമിഴരുടെ വികാരം വ്രണപ്പെടുത്തരുത് -തമിഴ്നാട് ഗവർണർക്കെതിരെ കനിമൊഴി

ചെന്നൈ: സംസ്ഥാനത്തിന് മറ്റൊരു പേര് അടിച്ചേൽപ്പിച്ച് തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്ന് ഡി.എം.കെ നേതാവ് കനിമൊഴി. രാഷ്ട്രപതിയുടെ ഏതൊരു പ്രതിനിധിയും ഇത് തിരിച്ചറിയണമെന്നും കനിമൊഴി പറഞ്ഞു. തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ നിയമസഭാ പ്രസംഗത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു കനിമൊഴിയുടെ പ്രസ്താവന. ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

'ആളുകളെ കുറിച്ച് അനാദരവോടെ സംസാരിക്കാൻ ഞങ്ങൾ ആരെയും പ്രോത്സാഹിപ്പിക്കില്ല. പക്ഷേ, ഞങ്ങളുടെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ശ്രമിക്കുകയോ അല്ലെങ്കിൽ എന്ത് വിളിക്കണമെന്ന് പറഞ്ഞുകൊണ്ടോ തമിഴരുടെ വികാരം വ്രണപ്പെടുത്താൻ സാധിക്കുകയില്ല. രാഷ്ട്രപതിയുടെ ഏതൊരു ജനപ്രതിനിധിയും ഇത് തിരിച്ചറിയണം' -കനിമൊഴി പറഞ്ഞു. അതേസമയം, തമിഴ്നാട് ഗവര്‍ണറെ പരസ്യമായി ഭീഷണിപ്പെടുത്തിയ ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിയുടെ നടപടിയെ കനിമൊഴി അപലപിച്ചു.

തമിഴ്നാടിന് കൂടുതൽ യോജിക്കുക 'തമിഴകം' എന്ന പേരാണെന്ന് ഗവര്‍ണര്‍ നിയമസഭയിൽ പറഞ്ഞിരുന്നു. കൂടാതെ പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവരുടെ പേരുകളും ദ്രാവിഡ മാതൃക, സാമൂഹികനീതി, സാമുദായിക സൗഹാർദം, സ്ത്രീകളുടെ അവകാശം ഉൾപ്പെടെയുള്ള മതേതര പരാമർശങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോവാനാണ് ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടത്. ശിവാജി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും നിലപാടെടുത്ത ഡി.എം.കെ അദ്ദേഹത്തെ താത്ക്കാലികമായി പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു.

Tags:    
News Summary - ‘Can’t hurt sentiments': DMK MP Kanimozhi advises respecting Tamils

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.