മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് ശിക്ഷ നല്‍കരുതെന്ന് സിസോദിയ; വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ടത് പിന്‍വലിച്ച് അംബേദ്കര്‍ സര്‍വകലാശാല

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിമര്‍ശിച്ച വിദ്യാര്‍ഥിനിക്ക് അംബേദ്കര്‍ സര്‍വകലാശാല 5000 രൂപ പിഴയിട്ട നടപടി പിന്‍വലിക്കണമെന്ന് ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായ മനീഷ് സിസോദിയ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും ഇത്തരം നടപടികള്‍ എടുക്കരുതെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന്, വിദ്യാര്‍ഥിനിക്ക് 5000 രൂപ പിഴയിട്ട നടപടി സര്‍വകലാശാല പിന്‍വലിച്ചു.

അവസാന സെമസ്റ്റര്‍ എം.എ പെര്‍ഫോമന്‍സ് സ്റ്റഡീസ് വിദ്യാര്‍ഥിനിയായ നേഹക്കെതിരെയാണ് സര്‍വകലാശാല നടപടിയെടുത്തത്. ഓണ്‍ലൈന്‍ ബിരുദദാന ചടങ്ങിനിടെയാണ് നേഹ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും വിമര്‍ശിച്ചത്. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ ഫീസ് വര്‍ധനവിനെതിരെയും ദലിത് വിദ്യാര്‍ഥികളോടുള്ള വിവേചനത്തിനെതിരെയും പ്രതിഷേധിക്കാനും നേഹ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് 5000 രൂപ പിഴയിട്ട സര്‍വകലാശാല, പരീക്ഷ എഴുതണമെങ്കില്‍ പിഴയടക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

നേഹയുമായി സംസാരിച്ചെന്നും സര്‍ക്കാറിന്റെ അറിവോടെയല്ല നടപടിയെന്നും സിസോദിയ വ്യക്തമാക്കി. സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയാണ് വിദ്യാര്‍ഥി ചെയ്തത്. ഈ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു വേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇടങ്ങളാണ് സര്‍വകലാശാലകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരാളും ശിക്ഷിക്കപ്പെട്ടുകൂടാ.

രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത് എന്നാണ് അവസ്ഥയെങ്കില്‍ നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തല്ല ജീവിക്കുന്നത്, ഏകാധിപത്യ രാജ്യത്താണ്. ഓരോ വിദ്യാര്‍ഥിയുടെയും പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം -സിസോദിയ പറഞ്ഞു.


Tags:    
News Summary - Can’t punish a student for viewpoint different from govt’: Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.