മൊഹാലി (പഞ്ചാബ്): മരണവേഗത്തിൽ പാഞ്ഞെത്തി തന്നെ ഇടിച്ചുപറത്തിയപ്പോൾ, സഞ്ചരിച്ച സൈക്കിളിൽനിന്ന് യോഗേന്ദർ മണ്ഡൽ തെറിച്ചുവീണത് ആ കാറിനു മുകളിലേക്കായിരുന്നു. എന്നാൽ, ഗുരുതര പരിക്കുപറ്റി കാറിനുമുകളിൽ ചലനമറ്റുകിടന്ന 35കാരനെ ശ്രദ്ധിക്കാൻ അപകടം വരുത്തിയ ഡ്രൈവർക്ക് മനുഷ്യപ്പറ്റുണ്ടായില്ല. പകരം, മരണവുമായി മല്ലടിച്ച യോഗേന്ദറിനെയുംകൊണ്ട് ആ കാർ സഞ്ചരിച്ചത് പത്തു കിലോമീറ്ററിലധികം! ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് ബോധമറ്റ ആ ശരീരം ഇറക്കിവെച്ച് കാർ ഡ്രൈവർ കടന്നുകളഞ്ഞു. പൊലീസ് എത്തി ആശുപത്രിയിലെത്തിക്കുേമ്പാഴേക്ക് യോഗേന്ദർ മരണത്തിന് കീഴടങ്ങിയിരുന്നു.
നഗരത്തിൽ എയർപോർട്ട് റോഡിലെ സിറക്പൂർ ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അതിവേഗത്തിൽവന്ന കാർ എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യോഗേന്ദർ കാറിനുകളിലേക്ക് തെറിച്ചുവീണെങ്കിലും അതു ഗൗനിക്കാതെ ഡ്രൈവർ വണ്ടിയോട്ടം തുടരുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് രൂപീന്ദർദീപ് കൗർ സോഹി പറഞ്ഞു.
പിന്നീട് സണ്ണി എൻേക്ലവിനരികെയുള്ള ഷോറൂമുകൾക്കിടയിൽ ബോഡി ഇറക്കിവെച്ച് ഇയാൾ സ്ഥലംവിടുകയായിരുന്നു. അതുവഴി പോവുകയായിരുന്ന ഒരാളാണ് വിവരം പൊലീസിന് കൈമാറിയത്. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽനിന്ന് ഫത്തേഹ്ഗർ സാഹിബ് ജില്ലക്കാരനായ നിർമൽ സിങ്ങാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ കാറിനുമുകളിൽ യോഗേന്ദർ ചലനമറ്റുകിടക്കുന്നത് വ്യക്തമാണ്. നിർമൽ സിങ്ങിനെതിരെ െഎ.പി.സി 279, 427, 304A, 201 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.