ആന്ധ്രയിൽ മൂന്നുപേരെ കാറിനകത്തിട്ട്​ തീയിട്ടു; തലനാരിഴക്ക്​ രക്ഷപ്പെടൽ

വിജയവാഡ: ആന്ധ്രയിലെ വിജയവാഡയിൽ മൂന്ന് പേർ യാത്ര ചെയ്​തിരുന്ന കാറിന്​ തീകൊളുത്തി. കാറിനകത്തുണ്ടായിരുന്ന മൂന്നുപേർക്കും പൊള്ളലേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണ്​.

കാറിന് തീകൊളുത്തിയ വേണുഗോപാൽ റെഡ്ഡി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. റിയൽ എസ്​റ്റേറ്റ്​ തർക്കത്തെ തുടർന്നാണ്​ ആ​ക്രമണമെന്നാണ്​ പൊലീസ്​​ പറയുന്നത്​. കാറിനകത്ത്​ ഇയാളുടെ ബിസിനസ്​ പങ്കാളി ഗംഗാധറും ഭാര്യയും ഇവരുടെ സുഹൃത്തുമാണ്​ ഉണ്ടായിരുന്നത്​.

കുറച്ചുകാലം മുമ്പ് ഗംഗാധറും വേണുഗോപാൽ റെഡ്ഡിയും ചേർന്ന്​ സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇടപാട്​ നടത്തിയിരുന്നു. ബിസിനസിൽ നഷ്​ടം വന്നതോടെ ഇരുവരും പിരിഞ്ഞു. വിഷയത്തിൽ വേണുഗോപാൽ ഗംഗാധറുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാൾ പ്രതികരിച്ചില്ല.

ഇതേ വിഷയം സംസാരിക്കാൻ ഗംഗാധറും ഭാര്യയും സുഹൃത്തും തിങ്കളാഴ്ച വേണുഗോപാൽ റെഡ്ഡിയെ കാണാൻ എത്തിയതായിരുന്നു. നാലു പേരും റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന്​ ഇക്കാര്യം ചർച്ച ചെയ്​തു. വൈകുന്നേരം 4.45 ഓടെ വേണുഗോപാൽ സിഗരറ്റ് വലിക്കാനെന്ന പേരിൽ കാറിൽ നിന്നിറങ്ങി. വിസ്കി കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിൽ ഒഴിച്ച് തീകൊളുത്തി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.

കത്തുന്ന കാറിൽ നിന്നും പ്രദേശവാസികൾ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾക്ക് നിസാര പരിക്കുകളാണ്​ സംഭവിച്ചതെങ്കിലും കാറിനുള്ളിൽ ഉണ്ടായിരുന്നസുഹൃത്തിന് ഗുരുതരമായി പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. പ്രതി വേണുഗോപാലിനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്​ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.