ഗുവാഹതി: അസമിൽ അനുമതിയില്ലാത്ത റൂട്ട് തിരഞ്ഞെടുത്തതിന്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കും മുഖ്യ സംഘാടകൻ കെ.ബി. ബൈജുവിനുമെതിരെ പൊലീസ് കേസെടുത്തു. കെ.ബി റോഡിലെ റൂട്ടിനുപകരം അനുമതിയില്ലാതെ ജോർഹട്ട് ടൗണിൽ പ്രവേശിച്ചതിനാണ് കേസ്. പെട്ടെന്ന് ജനം തടിച്ചുകൂടിയതിനാൽ ചിലർ വീണെന്നും ഇത് ദുരന്ത സമാനമായ സാഹചര്യം സൃഷ്ടിച്ചുവെന്നുമാണ് പൊലീസ് വിശദീകരണം.
എന്നാൽ, യാത്രക്ക് അനാവശ്യ തടസ്സം സൃഷ്ടിക്കാനാണ് കേസെടുത്തതെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആരോപിച്ചു. യാത്രയുടെ വിജയത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ആദ്യ ദിവസം തന്നെ ഭയന്നിരിക്കുകയാണെന്നും ഇപ്പോൾ അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരത് ന്യായ് ജോഡോ യാത്ര ബി.െജ.പി ഭരിക്കുന്ന അസമിൽ നിരവധി തടസ്സങ്ങളാണ് നേരിടുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.
ആദ്യ ഭാരത് ജോഡോ യാത്ര ബി.ജെ.പി ഭരണമുള്ള സംസ്ഥാനങ്ങളിൽ പോലും പ്രശ്നങ്ങൾ നേരിട്ടിരുന്നില്ല. രണ്ടു ദിവസത്തിനിടെ അസമിലുണ്ടായ ബുദ്ധിമുട്ടുകൾ മറ്റെവിടെയുമുണ്ടായിട്ടില്ല.
ഒരു ദിവസം കൊണ്ടുതന്നെ മുഖ്യമന്ത്രി പരിഭ്രമിച്ചിരിക്കുകയാണ്. കേസെടുത്ത് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.യാത്രയിൽ പങ്കെടുക്കുന്നതിൽ നിന്ന് ജനങ്ങളെ തടഞ്ഞുവെന്നും ജയറാം രമേശ് ആരോപിച്ചു.
ജോർഹട്ട്: അസമിലെ മജുലി ദ്വീപിലേക്ക് ഭാരത് ജോഡോ യാത്ര സംഘം എത്തി. വെള്ളിയാഴ്ച രാവിലെ ജോർഹട്ട് ജില്ലയിലെ നിമതിഗട്ടിൽനിന്ന് മജുലി ജില്ലയിലെ അഫലമുഖ് ഗട്ടിലേക്ക് നിരവധി ബോട്ടുകളിലായിരുന്നു യാത്ര. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന നദീ ദ്വീപാണ് മജുലി. ചില വാഹനങ്ങൾക്ക് ബ്രഹ്മപുത്ര നദി കടക്കാൻ പ്രത്യേക കടത്തുവള്ളങ്ങൾ ഒരുക്കിയിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, സംസ്ഥാന പ്രസിഡന്റ് ഭൂപൻകുമാർ ബോറ, പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ തുടങ്ങിയവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള മജുലി ദ്വീപ് 2016ലാണ് ജില്ലയായി പ്രഖ്യാപിച്ചത്. ജില്ലയാക്കപ്പെടുന്ന ആദ്യ ദ്വീപും ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപും മജുലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.