ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജി ജസ്റ്റിസ് എൻ.വി. രമണക്കെതിരെ ആരോപണങ്ങളുന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിക്കെതിരായ കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. മുമ്പ് ഈ കേസിലെ കക്ഷിയുടെ അഭിഭാഷകനായിരുന്നതുകൊണ്ടാണ് പിന്മാറ്റം.
ആന്ധ്രക്കാരനായ ജസ്റ്റിസ് എൻ.വി. രമണ ഹൈകോടതിയിലെ കേസുകളിൽ നേരിട്ടിടപെടുന്നുവെന്നും ഇതുമൂലം പ്രതിപക്ഷ കക്ഷിയായി തെലുഗുദേശം പാർട്ടിയുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക ജഡ്ജിമാർക്ക് മാത്രം നൽകുന്നുവെന്നുമാണ് ജഗൻ ആരോപിച്ചത്. തുടർന്ന് ജസ്റ്റിസ് എൻ.വി. രമണെയ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ ജഗൻ റെഡ്ഡിക്കെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ കോടതിയലക്ഷ്യത്തിന് അനുമതി തേടി.
എന്നാൽ, കോടതിയലക്ഷ്യത്തിന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകിയില്ല. ആരോപണങ്ങൾ ചീഫ് ജസ്റ്റിസിന് മുമ്പാകെയുണ്ടെന്നും അതിൽ അനുമതി നൽകുന്നില്ലെന്നുമായിരുന്നു വേണുഗോപാലിെൻറ പ്രതികരണം. ഇതിനിടയിലാണ് മൂന്ന് അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഹരജി വന്നപ്പോൾ അഭിഭാഷകൻ എന്ന നിലയിൽ ഈ കേസിലെ കക്ഷികൾക്കു വേണ്ടി താൻ വാദിച്ചിരുന്നുവെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. അതിനാൽ, ഈ വിഷയം തനിക്ക് പരിഗണിക്കാനാവില്ലെന്നും മറ്റൊരു ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്നും ജസ്റ്റിസ് ലളിത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.