ബാലാവകാശ കമീഷൻ ദേശീയ ചെയർമാനെ മർദിച്ച സംഭവം: ​പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കൊൽക്കത്ത: ബംഗളിലെ തിൽജില പൊലീസ് സ്റ്റേഷനിൽ താൻ മർദനത്തിനിരയായെന്ന ബാലാവകാശ സംരക്ഷണ കമീഷൻ ദേശീയ ചെയർമാൻ പ്രിയങ്ക് കനൂൻഗോയുടെ ആരോപണത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. തിൽജില പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ബിശ്വക് മുഖർജിക്കെതിരെയാണ് കേസെടുത്തതെന്ന് കൊൽക്കത്ത പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് മാർച്ച് 31നാണ് ബാലാവകാശ കമീഷൻ ചെയർമാൻ പരാതിപ്പെട്ടത്. കമീഷന്റെ അന്വേഷണ നടപടികൾ ചിത്രീകരിക്കാനുള്ള പൊലീസ് ശ്രമം തടഞ്ഞതിനാണ് പൊലീസുകാരൻ മർദിച്ചതെന്നായിരുന്നു ചെയർമാന്റെ ആരോപണം.

പശ്ചിമ ബംഗാളിലെ തിൽജില പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ ബിശ്വക് മുഖർജി എ​ന്നെ കുത്തിപ്പിടിച്ചു അടിച്ചു. കൊൽക്കത്തയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവവും മാൾഡയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവും ബാലാവകാശ കമീഷൻ അന്വേഷിക്കുമ്പോൾ ബംഗാൾ പൊലീസ് രഹസ്യമായി അതിന്റെ വിഡിയോ പിടിച്ചു. അത് തടഞ്ഞതിനാണ് അദ്ദേഹം മർദിച്ചത്. - പ്രിയങ്ക് കനൂൻഗോ ആരോപിച്ചു.

ബാലാവകാശ കമീഷൻ സംഘം വെള്ളിയാഴ്ച ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. അവളുടെ രക്ഷിതാക്കളുമായി സംസാരിച്ചു. വിവരം അന്വേഷിക്കാനാണ് ഞങ്ങൾ എത്തിയത്. എന്നാൽ സംസ്ഥാന കമീഷൻ ചെയർമാൻ ഗുണ്ടകൾക്കൊപ്പം വീട്ടിലേക്ക് ബലം പ്രയോഗിച്ച് കയറി സംസാരിക്കുന്നത് തടഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വന്നെങ്കിലും ഇവിടെയും സംസാരിക്കാൻ അനുവദിച്ചില്ല. -കനൂൻഗോ ആരോപിച്ചു.  

Tags:    
News Summary - Case Against Kolkata Cop After Child Rights Body Chief Alleges Assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.