മുംബൈ: നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെ നൽകിയ പരാതിയിൽ എൻ.സി.പി നേതാവ് നവാബ് മാലികിനെതിരെ പൊലീസ് കേസെടുത്തു. സംവരണ വിഭാഗത്തിലൂടെ ഐ.ആർ.എസ് ഓഫിസറാകാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കി വാങ്കഡെ ജോലി നേടിയെന്ന് മന്ത്രിയായിരിക്കെ മാലിക് ആരോപിച്ചിരുന്നു. വിഷയം അന്വേഷിക്കാൻ മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പിന്റെ ജാതി സൂക്ഷ്മപരിശോധന സമിതിയെ നിയോഗിക്കുകയും ചെയ്തു. സമിതിയുടെ ക്ലീൻ ചിറ്റ് ലഭിച്ച സാഹചര്യത്തിലാണ് വാങ്കഡെ പരാതി നൽകിയത്. പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഗോരേഗാവ് പൊലീസാണ് കേസെടുത്തത്.
ആഗസ്റ്റ് 13ന് മുംബൈ സിറ്റി ജില്ല ജാതി സർട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധന സമിതി, വാങ്കഡെയുടെ കുടുംബത്തിനെതിരെ നൽകിയ പരാതികൾ റദ്ദാക്കുകയും അദ്ദേഹം പട്ടികജാതിക്കാരനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേസ് നൽകിയത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജയിലിൽ കഴിയുകയാണ് മഹാരാഷ്ട്ര മുൻ ന്യൂനപക്ഷ വികസന മന്ത്രിയായ നവാബ് മാലിക്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹായികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2022 ഫെബ്രുവരി 23ന് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.