ബെംഗളൂരു: ഭാരത് ജോഡോ യാത്രക്ക് സിനിമാ ഗാനം ഉപയോഗിച്ചതിന് രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്ത് കർണാടക പൊലീസ്. കെ.ജി.എഫ്-2ലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടി ബെംഗളൂരു ആസ്ഥാനമായി എം.ആര്‍.ടി മ്യൂസിക്കാണ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനേത് എന്നിവര്‍ക്കെതിരെ കേസ് നല്‍കിയത്.
എം.ആര്‍.ടി മ്യൂസിക്കിന്റെ പരാതിയില്‍ പാര്‍ട്ടിക്കെതിരെയും മൂന്ന് നേതാക്കള്‍ക്കെതിരേയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് മ്യൂസിക് കമ്പനി വാർത്താക്കുറിപ്പ് പുറത്തിറക്കി. 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി നിയമത്തോടും സ്വകാര്യ വ്യക്തികളോടും സ്ഥാപനങ്ങളോടും അവരുടെ അവകാശങ്ങളോടുമുള്ള പരസ്യമായ അവഹേളനമാണ്' എന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
'ഗാനങ്ങളുടെ അവകാശം സ്വന്തമാക്കാന്‍ ഞങ്ങൾ വന്‍ തുക മുടക്കിയിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് അനുവാദം വാങ്ങാതെ തന്നെ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ എടുക്കുകയും ഭാരത് ജോഡോ യാത്രയുടെ മാര്‍ക്കറ്റിങ് വീഡിയോകള്‍ സൃഷ്ടിക്കാന്‍ അവ ഉപയോഗിക്കുകയും ചെയ്തു'.
നിയമപരമായ അവകാശം ഉറപ്പിക്കാന്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു
നിലവിൽ ഭാരത് ജോഡോ യാത്ര തെലങ്കാനയിലൂടെ കടന്നുപോവുകയാണ്. ഗോത്ര വിഭാഗക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ തെലങ്കാനയിൽ വെച്ചാണ് 'ധിംസ' എന്ന പരമ്പരാഗത നൃത്തത്തിൽ രാഹുൽ പങ്കാളിയായത്.
തെക്കൻ ഒഡിഷയിലും ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം പ്രചാരത്തിലുള്ള നൃത്തമാണിത്. ഇതിന്റെ വിഡിയോ കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു നൃത്തം. കഴിഞ്ഞ ദിവസം ബോളിവുഡ് നടി പൂജ ഭട്ട് രാഹുലിനൊപ്പം യാത്രയിൽ പങ്കുചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.