'കാളി' പരാമർശത്തിൽ കേസ്; സത്യത്തിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്ന് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ലീന മണിമേഖലയുടെ കാളി ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിൽ നടത്തിയ അഭിപ്രായ പ്രകടനത്തിന് തൃണമൂൽ ​കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസ്. ബി.ജെ.പി നേതാവ് ജിതിൻ ചാറ്റർജി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഇതിനെതിരെ രൂക്ഷമായി മഹുവ മൊയ്ത്ര പ്രതികരിച്ചു. ഒന്നിനെയും ഭയക്കുന്നില്ലെന്നും ബി.ജെ.പിയുടെ അറിവില്ലായ്മയിൽ അദ്ഭുതപ്പെടുന്നില്ലെന്നും മഹുവ ട്വീറ്റ് ചെയ്തു. "നിങ്ങളുടെ പൊലീസിനെയും അറിവില്ലാത്ത അനുയായികളെയും ട്രോളുകളെയും ഞാൻ ഭയക്കുന്നില്ല. സത്യത്തിന് ആരുടെയും പിന്തുണയുടെ ആവശ്യമില്ല," മഹുവ കൂട്ടിച്ചേർത്തു.

ചിത്രത്തിന്‍റെ കാളി ദേവി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ വിവാദമായിരുന്നു. ഇതിന് മഹുവ പ്രതികരിച്ചത്, തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്നും ഹിന്ദുത്വത്തിൽ നിന്ന് കൊണ്ട് തന്നെ അത്തരത്തിൽ സങ്കൽപിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ്. സസ്യാഹാരിയും വെളുത്ത വസ്ത്രം ധരിച്ചിരിക്കുന്നതുമായ ദൈവത്തെ ഒരു വ്യക്തിക്ക് സങ്കൽപിക്കാമെന്ന പോലെ മാംസാഹാരിയായി കാളി ദേവിയെ തനിക്കും സങ്കൽപിക്കാമെന്ന് മഹുവ പറഞ്ഞു.

'നിങ്ങളുടെ ദൈവം എങ്ങനെയാണെന്ന് സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ചില സ്ഥലങ്ങളിൽ വിസ്കി ഉൾപ്പടെയുള്ളവ ദൈവങ്ങൾക്ക് അർപ്പിക്കാറുണ്ട്. എന്നാൽ, മറ്റ് സ്ഥലങ്ങളിൽ ഇത് ദൈവനിന്ദയാണ്'- കൊൽക്കത്തയിൽ നടന്ന യോഗത്തിൽ മൊയ്ത്ര പറഞ്ഞു.

മൊയ്ത്രയുടെ പ്രതികരണത്തെ തൃണമൂലും തള്ളിപ്പറഞ്ഞിരുന്നു. മൊയ്ത്രയുടെ പ്രതികരണത്തിന് മമത ബാനർജി ഉത്തരം പറയണമെന്ന് ബി.ജെ.പി നേതാവ് രതീന്ദ്ര ബോസ് ആവശ്യപ്പെട്ടതിനെതിരെയും അവർ ആഞ്ഞടിച്ചിരുന്നു. താൻ സിനിമയെയും പോസ്റ്ററിനെയും പിന്തുണച്ചിട്ടില്ലെന്നും പുകവലി എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. "കള്ളം പറഞ്ഞാൽ സംഘികൾ നല്ല ഹിന്ദുക്കളാകില്ലെന്നും" മഹുവ തുറന്നടിച്ചു. തുടർന്ന് മഹുവ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത് നിർത്തിയിരുന്നു.

Tags:    
News Summary - Case Against Trinamool's Mahua Moitra Over 'Kali' Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.