ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ഏജൻസികളുടെ പ്രതിപക്ഷ വേട്ട തുടരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയുടെ വസതിയിലടക്കം സി.ബി.ഐ ശനിയാഴ്ച റെയ്ഡ് നടത്തി.
ചോദ്യക്കോഴ കേസുമായി ബന്ധപ്പെട്ടാണ് കൊൽക്കത്തയടക്കം മഹുവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതെന്ന് സിബിഐ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഒരേ സമയമാണ് കൊൽക്കത്തയിലും മറ്റ് നഗരങ്ങളിലുമുള്ള മൊയ്ത്രയുടെ വസതികളിൽ കേന്ദ്ര അന്വേഷണ ഏജൻസി സംഘം എത്തിയത്.
മുൻ എംപികൂടിയായ മഹുവയ്ക്കെതിരെ ലോക്പാൽ നിർദേശപ്രകാരം സി.ബി.ഐ വ്യാഴാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സഭയുടെ മാന്യതക്ക് നിരക്കാത്ത പെരുമാറ്റത്തിന് കഴിഞ്ഞ ഡിസംബറിലാണ് മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. ഇതിനെതിരെ മൊയ്ത്ര നൽകിയ ഹർജി മേയിൽ സുപ്രീം കോടതി പരിഗണിക്കും. അതേസമയം, വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ സീറ്റിൽ നിന്ന് ടി.എം.സി സ്ഥാനാർത്ഥിയായി മഹുവ വീണ്ടും ജനവിധി തേടുന്നുണ്ട്.
വ്യവസായി ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ചോദ്യം ചോദിക്കാൻ ദുബായ് ആസ്ഥാനമായ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് പണവും സമ്മാനവും കൈപ്പറ്റിയെന്നാണ് മഹുവയ്ക്കെതിരായ പരാതി. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് മൊയ്‌ത്രയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിന് സി.ബി.ഐക്ക് ലോക്പാൽ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.