ന്യുഡൽഹി: പണമായി കൈമാറാൻ പറ്റുന്ന തുകയുടെ പരിധി കേന്ദ്ര സർക്കാർ മൂന്നു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി ചുരുക്കി. പാൻകാർഡ് ലഭിക്കാനും ഇൻകം ടാക്സ് റിേട്ടൺ സമർപ്പിക്കാനും ആധാർ നിർബന്ധമാക്കുകയും ചെയ്തു. ഇതുൾപ്പെടെ 40 നിയമഭേദഗതികളാണ് ധനബില്ലിൽ ധനമന്ത്രി ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചത്. ധനബില്ലിൽ ഇത്രയധികം നിയമഭേദഗതികൾ ഒറ്റയടിക്ക് കൊണ്ടുവരുന്നത് ഇതാദ്യമാണ്.
നിയമഭേദഗതികൾ ഇത്തരത്തിൽ ചർച്ചകൂടാതെ കൂട്ടത്തോടെ പാസാക്കുന്നത് ‘പിൻവാതിൽ നിയമനിർമാണ’മാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ പാർട്ടികൾ ധനബിൽ അവതരണത്തെ എതിർത്തു. എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ തടസ്സവാദം തള്ളി റൂളിങ് നൽകിയ സ്പീക്കർ സുമിത്ര മഹാജൻ ബിൽ അവതരണത്തിന് അനുമതി നൽകി. ധനബില്ലിന്മേലുള്ള കൂടുതൽ ചർച്ച ലോക്സഭയിൽ ബുധനാഴ്ച നടക്കും. പ്രതിപക്ഷം എതിർക്കുമെന്നതിനാൽ ഇക്കാര്യത്തിൽ സഭയിലെ ചർച്ചക്ക് ചൂടേറും.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം പണമായി കൈമാറാൻ പറ്റുന്ന തുകയുടെ പരിധി മൂന്നു ലക്ഷമാണ്. ഇത് രണ്ടു ലക്ഷമായി കുറച്ചതിനൊപ്പം നിയന്ത്രണം ലംഘിക്കുന്നവർക്ക് കനത്ത പിഴയും ഏർപ്പെടുത്തി. രണ്ടു ലക്ഷത്തിനപ്പുറമുള്ള തുക പണമായി നൽകി ഇടപാട് നടത്തിയത് പിടിക്കപ്പെട്ടാൽ കൈമാറിയ അത്രയും തുകതന്നെ പിഴയായി ഇൗടാക്കുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ ട്വിറ്ററിൽ പറഞ്ഞു.
സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് പാൻകാർഡിനും ഇൻകം ടാക്സ് റിേട്ടണിനും ആധാർ നിർബന്ധമാക്കുന്നത്. കമ്പനി നിയമം, ഇ.പി.എഫ് നിയമം, ടെലികോം റെഗുലേറ്ററി അതോറിറ്റി നിയമം തുടങ്ങിയവുമായി ബന്ധപ്പെട്ടവയാണ് ധനബില്ലിലെ മറ്റു ഭേദഗതികൾ.
പാർലമെൻററി ജനാധിപത്യ കീഴ്വഴക്കങ്ങളെ ലംഘിക്കുന്നതാണ് കേന്ദ്ര സർക്കാർ നടപടിയെന്ന് ധനബില്ലിന് തടസ്സവാദം ഉന്നയിച്ച് സംസാരിക്കവെ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ കുറ്റപ്പെടുത്തി.
നികുതിനിർദേശങ്ങൾ, അതുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങൾ എന്നിവ മാത്രമേ ധനബില്ലിൽ പരിഗണിക്കാൻ പാടുള്ളൂ. പുതിയ ധനബില്ലിൽ മുന്നോട്ടുവെച്ചിരിക്കുന്ന നിയമഭേദഗതികളിൽ പലതിനും ധനസംബന്ധമായ കാര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
നികുതീതര നിർദേശങ്ങളാണെങ്കിലും നികുതി നിർദേശങ്ങളുമായി നേരിട്ട് ബന്ധമുള്ളവയാണ് പുതിയ നിയമഭേദഗതികളെന്നായിരുന്നു പ്രേമചന്ദ്രന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ മറുപടി. നികുതീതര നിർദേശങ്ങൾ ധനബില്ലിൽനിന്ന് പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്ന നിർദേശത്തോടെ ധനബിൽ അവതരിപ്പിക്കാനുള്ള അനുമതി നൽകി.
യു.പി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തലേന്നാണ് ഫിനാൻസ് ബില്ലിെൻറ പകർപ്പ് ലോക്സഭാംഗങ്ങൾക്കായി സർക്കാർ നൽകിയത്. ധനമന്ത്രി ലോക്സഭയിൽ വെച്ച 40 നിയമഭേദഗതികളിൽ മിക്കതും അതിലുണ്ടായിരുന്നില്ലെന്നും യു.പി തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് 40 നിയമങ്ങളിൽ ഭേദഗതി നിർദേശവുമായി കേന്ദ്രം മുന്നോട്ടുവന്നതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.