ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രബലമായി നിലനിൽക്കുന്നുണ്ട്. അതിനാൽ,പിന്നാക്കമായ വിവിധ വിഭാഗങ്ങളെ കണ്ടെത്തി അവരെ നയരൂപവത്കരണത്തിലൂടെ മുൻനിരയിലേക്ക് കൊണ്ടുവരാൻജാതി സെൻസസ് സഹായിക്കും
ജാതി സർവേ കണക്കുകൾ ബിഹാർ സർക്കാർ അടുത്തിടെ പുറത്തുവിട്ടതോടെ വിഷയം വീണ്ടും പൊതുമണ്ഡലത്തിൽ ചർച്ചയായിരിക്കുന്നു. ഇന്ത്യയിലെ സെൻസസിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒ.ബി.സി) ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജനസംഖ്യയെ കുറിച്ച് ഒരു വിവരവും നൽകാറില്ല. പട്ടികജാതി- വിഭാഗങ്ങളെക്കുറിച്ച് നാളിതുവരെ പുറത്തുവന്ന വിവരങ്ങൾ പോലും അപൂർണവും അയഥാർഥവുമാണ്.
1881ൽ ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ സെൻസസ് തുടങ്ങുന്നത്. സർക്കാറും അക്കാദമിക് വിദഗ്ധരുമാണ് സെൻസസ് പ്രധാനമായും ഉപയോഗിക്കുന്നത്. ജനസംഖ്യ മനസ്സിലാക്കാനും സെൻസസ് ഉറവിടങ്ങൾ അടയാളപ്പെടുത്താനും വിഭവ വിതരണത്തിനും സാമൂഹിക മാറ്റം രേഖപ്പെടുത്താനും ഡീലിമിറ്റേഷൻ നടത്താനുമാണ് ഇതിലെ വിവരങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, പ്രത്യേക അന്വേഷണങ്ങൾക്ക് അനുയോജ്യമല്ലാത്ത മൂർച്ചയില്ലാത്ത ഉപകരണം എന്ന വിമർശനവും ഇന്ത്യൻ സെൻസസിനെക്കുറിച്ചുണ്ട്.
ആദ്യമായി സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (Socio Economic and Caste Census- SECC) നടത്തിയത് 1931ലാണ് , ഗ്രാമീണ, നഗരപ്രദേശങ്ങളിലെ ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ദാരിദ്ര്യത്തിന്റെ സൂചകങ്ങൾ തിരിച്ചറിയുന്നതിന് വ്യത്യസ്ത ജാതി ഗ്രൂപ്പുകളുടെ സാമ്പത്തികസ്ഥിതി വിലയിരുത്തുന്നതിനൊപ്പം പ്രത്യേക ജാതിപ്പേരുകളുടെ വിവരങ്ങളും ഇവ്വിധത്തിൽ ശേഖരിച്ചു.
സെൻസസ് ഇന്ത്യൻ ജനസംഖ്യയുടെ പൊതുവായ ഒരു ഛായാചിത്രം നൽകുന്നുവെങ്കിൽ സാമ്പത്തിക ഗുണഭോക്താക്കളെ തിരിച്ചറിയാനാണ് സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് ഉപയോഗപ്പെടുത്തുന്നത്.സെൻസസ് ആക്ട്1948 പ്രകാരം സെൻസസ് ഡേറ്റ രഹസ്യ സ്വഭാവമുള്ളതാണ്, അതേസമയം കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ എല്ലാമായി ജാതി സെൻസസിലെ വ്യക്തിഗത വിവരങ്ങൾ സർക്കാർ വകുപ്പുകൾക്ക് ഉപയോഗിക്കാവുന്നതാണ്.
ജാതികളെക്കുറിച്ചുള്ള വിവരങ്ങൾ 1931വരെ സെൻസസിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 1951നു ശേഷം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു എന്ന കാരണം പറഞ്ഞും ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിലും ജാതി വിവരശേഖരണം നിർത്തലാക്കി.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രബലമായി നിലനിൽക്കുന്നുണ്ട്. അതിനാൽ പിന്നാക്കമായ വിവിധ വിഭാഗങ്ങളെ കണ്ടെത്തി അവരെ നയരൂപവത്കരണത്തിലൂടെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ജാതി സെൻസസ് സഹായിക്കും. വിവിധ ജാതി ഗ്രൂപ്പുകളുടെ വിതാനം മനസ്സിലാക്കുന്നതിലൂടെ, സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും പാർശ്വവത്കൃത സമൂഹങ്ങളെ ഉയർത്തുന്നതിനുമുള്ള നയങ്ങൾ നടപ്പാക്കാൻ കഴിയും. ഒ.ബി.സികളുടെയും മറ്റ് ഗ്രൂപ്പുകളുടെയും ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരം ഇല്ലാതെ, വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കാൻ പ്രയാസമാണ്. ജനസംഖ്യയെക്കുറിച്ചുള്ള ശരിയായ വിവരശേഖരം ഇല്ലാതെ, നയങ്ങളുടെ സ്വാധീനവും ഫലപ്രാപ്തിയും വിലയിരുത്തുന്നത് എന്നും വെല്ലുവിളിയാണ്. ജാതി സെൻസസ് നയങ്ങളുടെ നടത്തിപ്പും ഫലങ്ങളും നിരീക്ഷിക്കാൻ സഹായിക്കും. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ അവസ്ഥകൾ അന്വേഷിക്കാനും സർക്കാറുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശിപാർശകൾ നൽകാനും കമീഷനെ നിയമിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 340 അനുശാസിക്കുന്നുണ്ട് .
ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം നിയമവിരുദ്ധമാണെന്നും ജാതി സെൻസസ് ജാതി വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നുള്ള വാദം രാജ്യത്തെ മേൽത്തട്ട് സമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നു. ബിഹാർ സർക്കാർ നടപ്പാക്കിയ ജാതി സർവേ അട്ടിമറിക്കാൻ സംഘ്പരിവാർ മുന്നോട്ടുവെച്ചതും ഇതേ വാദമായിരുന്നു. പൗരജനങ്ങളെ അവരുടെ ജാതി ഐഡന്റിറ്റിയെ അടിസ്ഥാനമാക്കി വർഗീകരിക്കുന്നതിനേക്കാൾ, വ്യക്തിഗത അവകാശങ്ങളിലും തുല്യ അവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് ജാതി സെൻസസ് വിരുദ്ധരുടെ മറ്റൊരു വാദം. അവർ താന്താങ്ങളുടെ മുന്നാക്ക ജാതിയുടെ പിൻബലത്തിലും മേൽ വിലാസത്തിലുമാണ് ഇങ്ങനെ വാദിക്കുന്നതെന്നതാണ് വിരോധാഭാസം.
തങ്ങളുടെ വിലപേശലിനും സാമൂഹിക ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും ,മേധാവിത്വം നിലനിർത്തുന്നതിനും ജാതി കണക്കുകൾ അവർ സമർഥമായി കൈകാര്യം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് സാമ്പത്തിക സംവരണം തട്ടിയെടുക്കുന്നതിന് കേരള സർക്കാറിനെ ഹൈജാക്ക് ചെയ്യാൻ അവർ ഈ തന്ത്രമാണ് ഉപയോഗിച്ചത്. മാത്രവുമല്ല എല്ലാത്തരം നിയമനങ്ങളിലും നയരൂപവത്കരണങ്ങളിലും ,താക്കോൽ സ്ഥാനങ്ങൾ കൈക്കലാക്കുന്നതിനും എല്ലാക്കാലത്തും തങ്ങളുടെ സംഘബലം അവർ ഉപയോഗിച്ച് പോരുന്നുമുണ്ട്. കേരള സർക്കാർ ഒരു സാമൂഹിക കണക്കെടുപ്പിന്റെയും പിൻബലമില്ലാതെയാണ് സർക്കാർ മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ദാനം ചെയ്തത് , ജാതി സെൻസസ് നടത്തിയില്ല. സാമ്പത്തിക സെൻസസ് നടത്തിയില്ല, സാമ്പത്തിക സംവരണത്തെപ്പറ്റി ഒരു സാമൂഹിക സംവാദം പോലും മുന്നോട്ടുവെച്ചില്ല.
സെൻസസിൽ പട്ടിക ജാതി-വർഗ വിഭാഗങ്ങൾ ഒഴികെയുള്ള ജാതി തിരിച്ചുള്ള ജനസംഖ്യ കണക്കാക്കേണ്ടതില്ലെന്ന് നയപരമായ ഒരു വിഷയമായി തീരുമാനിച്ചതായി 2021ൽ സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ബിഹാർ സർക്കാർ ഭരണഘടന അനുശാസിക്കും പ്രകാരം ജാതി സെൻസസ് നടത്തി വിവരം പുറത്തുവിട്ടു. കേരള സർക്കാർ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിനേക്കാൾ ഒരു ചുവടു മുന്നിലുമാണ്.
സെൻസസ് 2011ൽ ജാതി വിവരങ്ങളോടൊപ്പം സാമൂഹിക-സാമ്പത്തിക സൂചകങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഡേറ്റ ശേഖരിക്കാനുള്ള ശ്രമമുണ്ടായിരുന്നു. എന്നാൽ ആ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടില്ല. കോവിഡ് മഹാമാരിയുടെ പേരുപറഞ്ഞ് മുടക്കിയ 2021ൽ നടത്തേണ്ടിയിരുന്ന സെൻസസാകട്ടെ ഇനിയും ആരംഭിച്ചിട്ടു പോലുമില്ല. ഒരു കണക്കും കാര്യവും നോക്കാതെയാണ് കേന്ദ്രത്തിൽ നിതി ആയോഗും കേരളത്തിൽ പ്ലാനിങ് ബോർഡും താന്താങ്ങളുടെ ഇഷ്ടക്കാർക്ക് അവസരങ്ങളും ആനുകൂല്യങ്ങളും വിഭവങ്ങളും തന്നിഷ്ടപ്രകാരം വിളമ്പുന്നതിന് ശിപാർശ നൽകുന്നത് .
ഇന്ത്യയിലെ ജനസാന്ദ്രത 2001ൽ ഒരു ചതുരശ്ര കിലോമീറ്ററിന് 324 ആളുകളായിരുന്നു, 1951ൽ അത് 117 ആയിരുന്നു. ജനസാന്ദ്രത 50 വർഷം കൊണ്ട് മൂന്നുമടങ്ങോളം വർധിച്ചു, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അതായത്, 1901ൽ ഇന്ത്യയുടെ സാന്ദ്രത 77 ആയിരുന്നു, ഇത് ഒരു ദശകത്തിൽനിന്ന് മറ്റൊന്നിലേക്ക് ക്രമാനുഗതമായി വർധിച്ച് 2001ൽ 324 ആയി. ശരാശരി വാർഷിക വളർച്ചാനിരക്ക് 2001ൽ 1.93 ആയിരുന്നെങ്കിൽ 1951ൽ 1.25 ആയിരുന്നു. സമഗ്ര സെൻസസിന്റെയും സാമ്പത്തിക ജാതി സെൻസസിന്റെയും അടിസ്ഥാനത്തിൽ മാത്രമെ രാജ്യത്തു നിലനിൽക്കുന്ന സാമ്പത്തിക സാമൂഹിക അനൈക്യത്തെ അഭിമുഖീകരിക്കാൻ ഏതൊരു ജനാധിപത്യ സർക്കാറിനും കഴിയുകയുള്ളൂ. അതില്ലാതെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതുപോലെ ഇഷ്ടക്കാർക്കു വാരിയും കോരിയും കൊടുക്കുന്നത് സ്വജനപക്ഷപാതമാണ് അനീതിയാണ്, ജനാധിപത്യ ധ്വംസനവുമാണ് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.