കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് മണിപ്പൂരിൽ കലാപകാരികൾ കത്തിച്ച ചർച്ച് സന്ദർശിക്കുന്നു. മണിപ്പുർ ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനി ലുമോൻ, തൃശ്ശൂർ അതിരൂപത സെക്രട്ടറി ജനറൽ ഫാ. ജർവിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. പോളി വർഗീസ് മൂഞ്ഞേലി എന്നിവർ സമീപം 

മാർ ആൻഡ്രൂസ് താഴത്തും സംഘവും മണിപ്പൂരിൽ; മൂന്നു കോടിയുടെ സഹായമെത്തിച്ചു​

തൃശ്ശൂർ: കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂർ സന്ദർശിച്ചു. അതിരൂപത സെക്രട്ടറി ജനറൽ ഫാ. ജർവിസ് ഡിസൂസ, കാരിത്താസ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. പോളി വർഗീസ് മൂഞ്ഞേലി എന്നിവരടങ്ങുന്ന സംഘമാണ് മൂന്നുദിവസത്തെ സന്ദർശനത്തിന് മണിപ്പൂരിലെത്തിയത്. മണിപ്പൂർ ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനി ലുമോനുമായി ചർച്ച നടത്തി.

സി.ബി.സി.ഐയുടെ സേവനസംഘടനയായ കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് (സിആർഎസ്), ഇംഫാൽ അതിരൂപതയുടെ സേവന വിഭാഗമായ ഡി.എസ്.എസ്.എസ് എന്നിവയുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്ന് കോടിയോളം രൂപയുടെ സഹായമെത്തിച്ചു. ദുരിതബാധിതരുടെ പുനരധിവാസത്തിന് തുടർന്നും കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ സഹായം സ്വീകരിക്കും.

മത-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തകർക്കുകയും സ്ത്രീകളും കുട്ടികളും അടക്കമുള്ള ദുർബല വിഭാഗങ്ങൾക്ക് നേരെ അക്രമസംഭവങ്ങൾ തുടരുകയും ചെയ്യുന്നത് അപലപനീയവും ദുഃഖകരവുമാണെന്ന് ഇവർ പറഞ്ഞു. അക്രമം നിയന്ത്രിക്കുന്നതിൽ പൊലീസും ഭരണകൂടവും മൗനം പാലിക്കുന്നത് ആശങ്കാജനകമാണ്. ഭരണകൂടം നമ്മുടെ രാജ്യത്തിന്റെ മതേതരത്വം ഉയർത്തിപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തു​കയും വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തിന്റെ അന്തരീക്ഷം വളർത്തിയെടുക്കുകയും ചെയ്യണം. ഇന്ത്യയിൽ, പ്രത്യേകിച്ച് മണിപ്പൂരിൽ സമാധാനവും ഐക്യവും പുനസ്ഥാപിക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു.

സംഘർഷബാധിതപ്രദേശങ്ങളായ കാക് ചിംഗ്, സുസു എരിയ, പുഖാവോ, കാഞ്ചിപ്പുർ, സുഗൈ പ്രൗ എന്നിവിടങ്ങൾ സന്ദർശിച്ചു. ആക്രമണത്തിന് ഇരയായി ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയംപ്രാപിച്ചവരെ സന്ദർശിക്കുകയും ചെയ്തു.

വഴിയിലുടനീളം നശിപ്പിക്കപ്പെട്ട നിരവധി വീടുകൾ, പള്ളികൾ/ആരാധനാലയങ്ങൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവ കണ്ടു. 1000ലധികം കുടുംബങ്ങൾ താമസിച്ചിരുന്ന സുഗ്നുവിൽ വീടുകളും വസ്തുവകകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. കുക്കി-സോ, നാഗ, മെയ്തേയ് തുടങ്ങി എല്ലാ സമുദായങ്ങൾക്കും വിദ്യാഭ്യാസ, സാമൂഹിക സേവനം നൽകിയിരുന്ന സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളും ഇടവകയും പൂർണമായും അക്രമികൾ കത്തിച്ചു. കാഞ്ചീപ്പൂരിലെ കാത്തലിക് സ്‌കൂൾ കാമ്പസിലെ ഹോളി റിഡീമർ ചർച്ച്, റീജിയണൽ പാസ്റ്ററൽ ട്രെയിനിംഗ് സെന്റർ, സംഗൈപ്രൗവിലെ സെന്റ് പോൾസ് ഇടവക എന്നിവയും പൂർണമായും നശിപ്പിച്ചു.

കലാപബാധിത പ്രദേശങ്ങളിൽ പരസ്‌പര അവിശ്വാസവും ഭയവും നിലനിൽക്കുകയാണെന്നും കുടിയൊഴിഞ്ഞുപോയ ആളുകൾ തിരിച്ചുവരാൻ മടിക്കുകയാണെന്നും ഇവർ പറഞ്ഞു. ഈ സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്തവരുടെ അവസ്ഥയും മക്കളുടെ ഭാവിയും എന്തായിരിക്കുമെന്നത് ആശങ്കാകരമാണ്. തങ്ങൾ സന്ദർശിച്ച സ്കൂളുകളിലും ഹോസ്റ്റലുകളിലുമുള്ള കുട്ടികൾ ഉത്കണ്ഠയിലും വിഷമത്തിലുമാണെന്നും ഇവർ പറഞ്ഞു.

കച്ചിങ്ങിലെ ഇൻഡോർ സ്റ്റേഡിയത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കുടിയിറക്കപ്പെട്ടവർക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ സംഘം വിതരണം ചെയ്യുകയും പുഖൗവിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Tags:    
News Summary - CBCI (Catholic Bishops Conference of India) President Archbishop Mar Andrews Thazhath visited Violece hit areas of Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.