കൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ഭാര്യ രുജിര ബാനർജിക്ക് സി.ബി.െഎ നോട്ടീസ്. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
അഭിഷേക് ബാനർജിയുടെ വീട്ടിൽ സി.ബി.ഐ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. രുജിര വീട്ടിലില്ലാത്തതിനാൽ കുടുംബാംഗങ്ങളെ നോട്ടീസ് ഏൽപ്പിച്ചശേഷം മടങ്ങുകയായിരുന്നു. രുജിരയെ വീട്ടിലെത്തി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
കൽക്കരി മാഫിയ ബംഗാളിലെ തൃണമൂൽ നേതാക്കൾക്ക് നിരന്തരം കൈക്കൂലി നൽകിയെന്നതാണ് കേസ്. തൃണമൂൽ യുവജന വിഭാഗം നേതാവായ വിനയ് മിശ്ര വഴിയാണ് നേതാക്കൾക്ക് പണം കൈമാറിയതെന്നാണ് ആരോപണം. ഡിസംബർ 31ന് വിനയ് മിശ്രയുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. വിനയ് മിശ്ര ഒളിവിലാണ്. ഇയാൾക്കെതിരെ സി.ബി.ഐ ജാമ്യമില്ല അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
ബംഗാളിലെ ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡിന്‍റെ കുനുസ്േതാരിയ, കജോരിയ കൽക്കരി പാടങ്ങളിൽ അനധികൃത ഖനനം നടത്തിയെന്നും കൽക്കരി മോഷണം നടത്തിയെന്നുമാണ് ആരോപണം. ഇതുപ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും പറയുന്നു. തുടർന്ന് കഴിഞ്ഞവർഷം നവംബറിലാണ് സി.ബി.ഐ കേസെടുക്കുന്നത്.
കൽക്കരി കുംഭകോണ കേസിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പങ്കുള്ളതായി നേരത്തേ മുതൽ ബി.ജെ.പി ആരോപിച്ചിരുന്നു. 'കൽക്കരി കള്ളൻ' എന്നായിരുന്നു ബി.ജെ.പി അഭിേഷക് ബാനർജിയെ വിശേഷിപ്പിച്ചത്.
പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര ഏജൻസിയുടെ പുതിയ നീക്കം. തൃണമൂലിൽനിന്ന് ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.