ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരായ അഴിമതി കേസ് വീണ്ടും അന്വേഷിക്കാൻ ഒരുങ്ങി സി.ബി.ഐ. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി ചേർന്ന് ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡി സഖ്യ സർക്കാറുണ്ടാക്കി മാസങ്ങൾക്കുള്ളിലാണ് നടപടി.
ഒന്നാം യു.പി.എ സർക്കാറിൽ റെയിൽവേ മന്ത്രിയായിരിക്കെ ലാലു യാദവ് റെയിൽവെയുടെ പദ്ധതികൾ നൽകിയതിൽ അഴിമതി ആരോപിച്ച് 2018 ലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. ലാലു പ്രസാദ് യാദവിനെ കൂടാതെ, മക്കളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരായിരുന്നു കേസിലെ പ്രതികൾ.
2021 മാർച്ചിൽ കേസിന്റെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു. ആരോപണങ്ങൾ അടിസ്ഥാനമാക്കി കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇപ്പോൾ നിതീഷ് കുമാർ ബി.ജെ.പിയിൽ നിന്ന് അകന്ന് ആർ.ജെ.ഡിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതോടെയാണ് കേസ് പുനരന്വേഷണത്തിന് ഒരുങ്ങുന്നത്.
മുംബൈ ബാന്ദ്രയിലെയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെയും റെയിൽ ഭൂമി പാട്ടത്തിനെടുത്ത് പദ്ധതികൾ നടത്താൻ ആഗ്രഹിച്ച ഡി.എൽ.എഫ് ഗ്രൂപ്പിൽ നിന്ന് കൈക്കൂലിയായി സൗത് ഡൽഹിയിലെ സ്വത്ത് വാങ്ങിയെന്നാണ് ലാലു പ്രസാദിനും കുടുംബത്തിനുമെതിരായ ആരോപണം. ഡി.എൽ.എഫിന്റെ ഷെൽ കമ്പനി വാങ്ങിയ ഭൂമി തുച്ഛ വിലക്ക് തേജസ്വി യാദവ് ഉൾപ്പെട്ട കുടുംബാംഗങ്ങൾ സ്വന്തമാക്കിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.