കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് തലവേദനയായി കൽക്കരി കുംഭകോണ കേസിലെ സി.ബി.ഐ അന്വേഷണം. തൃണമൂൽ നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഭാര്യക്ക് പുറമെ അടുത്ത ബന്ധുവിനും സി.ബി.ഐ നോട്ടീസ് നൽകി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മേനക ഗംഭീറിനാണ് സി.ബി.ഐ നോട്ടീസ് അയച്ചത്.
ഞായറാഴ്ച അഭിഷേകിന്‍റെ ഭാര്യ രുജിര നരൂലക്ക് സി.ബി.ഐ നോട്ടീസ് അയച്ചതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെ 11മണിയോടെ മേനകയുടെ വീട്ടിലെത്തി സി.ബി.ഐ ചോദ്യം ചെയ്യും. രുജിരയെയും ചോദ്യം ചെയ്യും.
വെള്ളിയാഴ്ച കൽക്കരി കുംഭേകാണ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ 13 ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കേന്ദ്ര ഏജൻസിയുടെ ചടുല നീക്കം. ഏപ്രിൽ -മേയ് മാസങ്ങളിലാണ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്.
കൽക്കരി മാഫിയ ബംഗാളിലെ തൃണമൂൽ നേതാക്കൾക്ക് കൈക്കൂലി നൽകിയെന്നാണ് കേസ്. തൃണമൂൽ യുവജന നേതാവ് വിനയ് മിശ്രവഴിയാണ് നേതാക്കൾക്ക് പണം കൈമാറിയതെന്നാണ് സി.ബി.ഐ കണ്ടെത്തൽ. വിനയ് മിശ്രയുടെ വീട്ടിലും സി.ബി.െഎ റെയ്ഡ് നടത്തിയിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. കഴിഞ്ഞവർഷം നവംബറിലാണ് കൽക്കരി കുംഭകോണകേസിൽ സി.ബി.ഐ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.