ജോലിക്കു പകരം ഭൂമി അഴിമതി: തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ ഇത് രണ്ടാംതവണയാണ് ചോദ്യം ചെയ്യാനായി ഹാജരാകാൻ സി.ബി.ഐ തേജസ്വി യാദവിനോട് ആവശ്യപ്പെടുന്നത്. ഫെബ്രുവരി നാലിനായിരുന്നു ആദ്യം വിളിപ്പിച്ചത്.

നേരത്തേ തേജസ്വിയുടെ ഡൽഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന നടത്തിയിരുന്നു. ഇതേ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെയും റാബ്റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കേസിൽ 15നു ലാലു കുടുംബാംഗങ്ങൾ ഹാജരാകാനായി ഡൽഹിയിലെ സി.ബി.ഐ പ്രത്യേക കോടതി സമൻസ് അയക്കുകയും ചെയ്തു.

ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും, അനുകൂലികളെ സഹായിക്കാനും അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണെന്നാണ് മാതാപിതാക്കളായ ലാലുവിനെയും റാബ്റിയെയും സി.ബി.ഐ ചോദ്യം ചെയ്തപ്പോൾ തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ലാലു കുടുംബത്തിന്റെ ബിനാമി ഉടമസ്ഥതയിലുള്ള ഭൂമിയിൽ അബു ദോജാനയുടെ മെറീഡിയൻ കൺസ്ട്രക്ഷൻസ് കമ്പനി മാൾ നിർമിച്ചതായി നേരത്തേ സി.ബി.ഐ കണ്ടെത്തിയിരുന്നു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭൂമിയിടപാടുകൾ സി.ബി.ഐ കണ്ടെത്തിയിരുന്നു.

Tags:    
News Summary - CBI summons Bihar deputy CM Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.