ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ടേം പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പറിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് ചോദ്യം ഉൾപ്പെട്ടതിൽ മാപ്പ് പറഞ്ഞ് സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ). '2002ൽ ഗുജറാത്തിൽ മുസ്ലിം വിരുദ്ധ അക്രമം വ്യാപിച്ചത് ഏത് സർക്കാറിന്‍റെ കാലത്തായിരുന്നു?'എന്നായിരുന്നു ചോദ്യം. കോൺഗ്രസ്, ബി.ജെ.പി, ഡെമോക്രാറ്റിക്, റിപബ്ലിക്കൻ എന്നീ ഓപ്ഷനുകളും ഉത്തരമായി കാണാം.
പത്ത്, 12 ക്ലാസുകളിലേക്കുള്ള സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ചയായിരുന്നു സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസിന്‍റെ ആദ്യ ടേമിന്‍റെ ആദ്യ പരീക്ഷ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടങ്ങളായാണ് സി.ബി.എസ്.ഇ പരീക്ഷകൾ നടക്കുക.
പരീക്ഷയിലെ ചോദ്യം സി.ബി.എസ്.ഇയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും അനുചിതമാണെന്ന് സി.ബി.എസ്.ഇ പറഞ്ഞു. കൂടാതെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
പുറത്തുനിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നും അകാദമിക് വിഷയത്തിലൂന്നി ജാതി, മത, ലിംഗ, ദേശ ഭേദങ്ങളെ ബാധിക്കാതെ ചോദ്യപേപ്പർ തയാറാക്കണമെന്ന് അവർക്ക് നിർദേശം നൽകിയിരുന്നതായും സി.ബി.എസ്.ഇ കൂട്ടിച്ചേർത്തു.
അതേസമയം, സിലബസിന് പുറത്തുനിന്നുള്ള ചോദ്യമല്ല പരീക്ഷക്ക് ചോദിച്ചതെന്ന വാദവുമായി സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധിപേർ രംഗത്തെത്തി. പാഠപുസ്തകത്തിലെ ചോദ്യം ചോദിച്ചതിന് മാപ്പ് പറയുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. തുടർന്ന് പാഠപുസ്തകത്തിന്റെ ഭാഗവും അവർ പങ്കുവെച്ചു. 12ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിൽ പേജ് 141ൽ ബി.ജെ.പി സർക്കാർ ഗുജറാത്ത് ഭരിക്കുേമ്പാഴാണ് കലാപം അരങ്ങേറിയതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.