ന്യൂഡൽഹി: 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ രീതി പുനഃപരിശോധിക്കരുതെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സി.ബി.എസ്.ഇ ആവശ്യപ്പെട്ടു. ഹരജിക്കാരൻ മൂല്യനിർണയരീതി തെറ്റായ രീതിയിലാണ് മനസ്സിലാക്കിയത്. മാറ്റിയ മൂല്യനിർണയ രീതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ഏറക്കുറെ പ്രവേശനം പൂർത്തിയാക്കിയിട്ടുണ്ട്.
മൂല്യനിർണയ രീതി പുനഃപരിശോധിക്കുന്നത് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. തങ്ങൾ നൽകിയ സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിൽ ഹരജിക്കാരനിൽനിന്നും പ്രതികരണം തേടിയ ശേഷം കേസ് പരിഗണിക്കണമെന്നും സി.ബി.എസ്.ഇ സുപ്രീംകോടതിയോട് അഭ്യർഥിച്ചു.
യു.പി, ഗുജറാത്ത്, ജമ്മു-കശ്മീർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നായി 20ലധികം വിദ്യാർഥികളാണ് അഭിഭാഷകൻ രവി പ്രകാശ് വഴി സി.ബി.എസ്.ഇ മൂല്യനിർണയരീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡ് മഹാമാരിയെ തുടർന്ന് പരീക്ഷ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ മുൻ പരീക്ഷകളുടെ മാർക്കിെൻറ അടിസ്ഥാനത്തിൽ സി.ബി.എസ്.ഇ മുന്നോട്ടുവെച്ച 30:30:40 ഫോർമുല നേരത്തേ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. എന്നാൽ, ഈ മൂല്യനിർണയരീതിക്കനുസരിച്ച് മാർക്ക് നിർണയിക്കുന്നതിൽ തങ്ങളുടെ സ്കൂളുകൾ പരാജയപ്പെട്ടുവെന്ന് ഹരജിക്കാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.