ന്യൂഡൽഹി: സെൻസസ് നടത്തണമെന്ന ഉപാധി ഒഴിവാക്കി പാർലമെന്റ് പാസാക്കിയ വനിതാ സംവരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അടിയന്തരമായി നടപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകാനാവില്ലെന്ന് സുപ്രീംകോടതി. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് ജയ ഠാകുർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ നോട്ടീസ് അയക്കാൻ വിസമ്മതിച്ച കോടതി ദേശീയ മഹിള ഫെഡറേഷൻ 2021ൽ സമർപ്പിച്ച ഹരജിക്കൊപ്പം കേൾക്കാനായി കേസ് നവംബർ 22ലേക്ക് മാറ്റി. വനിതാ സംവരണ മണ്ഡലങ്ങൾ നിർണയിക്കാൻ സെൻസസ് നടത്തണമെന്ന കേന്ദ്രസർക്കാർ നിലപാടിനെ സുപ്രീംകോടതി പിന്തുണക്കുകയും ചെയ്തു.
വനിതാ സംവരണം നടപ്പാക്കാൻ സെൻസസ് നടത്തണമെന്ന കേന്ദ്ര സർക്കാറിന്റെ ഉപാധി തള്ളാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സംവരണത്തിനുള്ള മണ്ഡല നിർണയത്തിന് സെൻസസ് നടത്തണമെന്നാണ് കേന്ദ്ര സർക്കാർ ബില്ലിൽവെച്ച വ്യവസ്ഥ. ഇത് തങ്ങൾക്ക് റദ്ദാക്കാനാവില്ല. അത്തരമൊരു കൃത്യം ചെയ്യാൻ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. അതോടെ നിയമനിർമാണം കോടതി നടത്തുന്നത് പോലാകും. സെൻസസ് നല്ല നടപടിയാണെന്നും ദേശീയ മഹിളാ ഫെഡറേഷൻ വനിതാ സംവരണം നടപ്പാക്കാനായി സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോൾ ഈ വിഷയം പരിഗണിച്ചിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
വനിതാ സംവരണത്തിൽ സെൻസസിന് എന്താണ് കാര്യമെന്ന് ജയ ഠാകുറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് ചോദിച്ചു. സെൻസസ് ആവശ്യമില്ലെന്ന് പറയുന്നതിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രതികരിച്ചു. വനിതകൾക്കുള്ള സംവരണത്തിനായി സീറ്റുകൾ നിശ്ചയിക്കേണ്ടതുണ്ട്. സംവരണം സെൻസസിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കാറുള്ളത്. ചട്ടങ്ങൾ പ്രകാരം അങ്ങനെ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാ സംവരണ ബില്ലിൽ സെപ്റ്റംബർ 29ന് രാഷ്ട്രപതി ദ്രൗപദി മുർമു മേലൊപ്പ് ചാർത്തിയിരുന്നു. എന്നാൽ സെൻസസ് നടത്തിയ ശേഷമേ സംവരണം നടപ്പാക്കൂ എന്ന ഉപാധി വെച്ചതോടെ 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അത് നടപ്പാക്കാൻ കഴിയാത്ത സാഹചര്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.