റെ​യി​ൽ മ​ന്ത്രി അ​ശ്വി​നി വൈഷ്ണവ്


സിൽവർ ലൈനിൽ കേന്ദ്രം; ഭൂമി ഏറ്റെടുക്കാനാവില്ല

ന്യൂഡൽഹി: സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് തത്ത്വത്തിൽ അനുമതി നൽകിയതു കൊണ്ട് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകൊടുത്തിട്ടുമില്ല. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുകയോ കല്ലിടുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കേരളത്തിൽനിന്നുള്ള എം.പിമാരോട് പറഞ്ഞു. ഇതിൽ കേന്ദ്രം അഭിപ്രായം പറയില്ല.

ഹൈബി ഈഡൻ, ബെന്നി ബഹനാൻ തുടങ്ങിയവർ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. തത്ത്വത്തിൽ അനുമതി എന്നാൽ സംസ്ഥാന സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാം എന്നാണ് അർഥം. പദ്ധതി പൂർത്തിയാക്കാൻ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങാം. സാധ്യത പഠനം, സർവേ, വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കൽ എന്നിവയെല്ലാമാണ് ഇതുകൊണ്ട് അർഥമാക്കുന്നത് -മന്ത്രി വിശദീകരിച്ചു. പരിസ്ഥിതി സംബന്ധമായ ഉത്കണ്ഠകൾ തികച്ചും ന്യായമാണ്. ഇപ്പോൾ രൂപകൽപന ചെയ്തിരിക്കുന്ന രീതിയിൽ നടപ്പാക്കിയാൽ കേരളത്തിൽ അതുണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ആഴം എന്താണെന്ന് ശരിക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. സാങ്കേതിക-സാമ്പത്തിക പ്രായോഗികത സംബന്ധിച്ച വിശദമായ പഠനത്തെ ആശ്രയിച്ചാണ് പദ്ധതിക്ക് അന്തിമ അനുമതി നൽകുകയെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മണ്ണിന്റെ ഘടന പരിശോധിക്കണം. കാരണം, കേരളത്തിൽ നിലവിലുള്ള പാളങ്ങൾ ഓരോ വർഷവും താഴുന്നുണ്ടെന്നാണ് മെട്രോമാൻ ഇ. ശ്രീധരൻ തന്നോട് പറഞ്ഞത്. സാങ്കേതികമായി നിരവധി വിഷയങ്ങൾ ഉണ്ടെന്നാണ് അതിനർഥം. സങ്കീർണ വിഷയമാണിത്. വ്യവസ്ഥാപിതമായ രീതിയിൽ ഇത് കൈകാര്യം ചെയ്യാനാണ് താൽപര്യപ്പെടുന്നത്.

63,941 കോടി ചെലവു കണക്കാക്കുന്ന ഡി.പി.ആർ റെയിൽവേ മന്ത്രാലയം പരിശോധിച്ചു വരുകയാണ്. സാങ്കേതിക പ്രായോഗികത സംബന്ധിച്ച മതിയായ വിശദാംശങ്ങൾ അതിലില്ല. വിശദ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായ പ്രായോഗികത നോക്കിയാൽ, കണക്കാക്കിയ എസ്റ്റിമേറ്റ് തീർച്ചയായും യഥാർഥ ചെലവിനേക്കാൾ കുറവാണ്. ഇത്തരം കാര്യങ്ങളെല്ലാം റെയിൽവേക്ക് ശ്രദ്ധാപൂർവം പരിശോധിക്കേണ്ടതുണ്ട്. അതിനു ശേഷമെ തീരുമാനമെടുക്കാനാവൂ. പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. 1,000 കോടിയിൽ കൂടുതൽ ചെലവു വരുന്ന പദ്ധതിയായതിനാൽ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകേണ്ടതുമുണ്ട്.

സിൽവർ ലൈൻ വൈകാരിക പദ്ധതിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം റെയിൽവേയുടെ ഉപധനാഭ്യർഥന ചർച്ചക്കിടയിലും കേരളത്തിൽ നിന്നുള്ള എം.പിമാർ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. 36 കിലോമീറ്റർ തുരങ്കവും 88 കിലോമീറ്റർ ആർച്ച് പാലവുമുള്ള 530 കിലോമീറ്റർ വരുന്ന സ്റ്റാൻഡേഡ് ഗേജ് ലൈൻ പദ്ധതിയാണിത്. പരസ്പര പ്രവർത്തനക്ഷമതയില്ല. എന്നു വെച്ചാൽ ഇന്ത്യൻ റെയിൽവേ ശൃംഖലയിലൂടെ ഓടുന്ന ഒരു ട്രെയിനിന് സിൽവർ ലൈൻ ഉപയോഗിക്കാൻ കഴിയില്ല -മന്ത്രി പറഞ്ഞു.

Tags:    
News Summary - Center on the Silver Line; Land cannot be acquired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.