ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ കേസിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കുതിച്ചുയരുന്ന പണപ്പെരുപ്പവും മുങ്ങിത്താഴ്ന്ന രൂപയും മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് സംസ്ഥാന സർക്കാരുകളെ താഴെയിറക്കാനുള്ള ഗൂഢാലോചനയിലാണ് കേന്ദ്ര സർക്കാറെന്ന് അരവിന്ദ് കെജ്രിവാൾ.
രാജ്യതലസ്ഥാനത്ത് നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ടാണ് സിസോദിയക്കെതിരെ സി.ബി.ഐ കേസ് എടുത്തത്.
രൂപ തകരുന്നു, വിലക്കയറ്റം ആളുകൾ ആശങ്കാകുലരാക്കിയിരിക്കുകയാണ്, തൊഴിലില്ലായ്മ ആകാശം തൊട്ടു. അപ്പോഴും ഇവർ സി.ബി.ഐ, ഇ.ഡി ഗെയിമുകൾ കളിക്കുകയാണ്. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ എങ്ങനെ അട്ടിമറിക്കാമെന്ന ഗൂഢാലോചനയിൽ മുഴുകുകയാണ്, ദിവസം മുഴുവൻ അധിക്ഷേപം നടത്തുകയാണ്. ആളുകൾ അവരുടെ പ്രശ്നങ്ങൾ ആരോട് പറയണം, ആരുടെ അടുത്ത് പോകണം? ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കും? -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ആം ആദ്മി പാർട്ടിയുടെ ജനപ്രീതിയെ ബി.ജെ.പി ഭയക്കുന്നതിനാലാണ് തനിക്കെതിരെ കേസുണ്ടാക്കിയതെന്ന് സിസോദിയ ആരോപിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള മത്സരമാണെന്നും കെജ്രിവാളിനെ തടയാൻ ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും സിസോദിയ ആരോപിച്ചു.
ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിനും പഞ്ചാബിലെ തകർപ്പൻ വിജയത്തിനും ശേഷം, ആം ആദ്മി പാർട്ടി ദേശീയ തലത്തിലേക്ക് വികസിക്കാനുള്ള ശ്രമത്തിലാണ്. പല സംസ്ഥാനങ്ങളിലും സംഘടനാ സാന്നിദ്ധ്യം ഉയർത്തുന്നതിനു പുറമേ, പാർട്ടി ഇപ്പോൾ 2024 ലെ പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.