ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള റൺവേയുടെ രണ്ടറ്റത്തും ഭൂമി ഏറ്റെടുത്തു നിരപ്പാക്കി നൽകുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ റൺവേയുടെ നീളം ചുരുക്കി സുരക്ഷിതമേഖലയായ 'റെസ' നിർമിക്കേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ പാർലമെന്‍റിൽ.
റൺവേയുടെ നീളം കുറക്കാതെ റെസ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനിക്ക് വ്യോമയാന സഹമന്ത്രി വി.കെ. സിങ് ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് നിലപാട് വിശദീകരിച്ചത്. റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കുന്നതിന്‍റെ വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാനുള്ള നടപടി മുന്നോട്ടുനീങ്ങുമ്പോൾ തന്നെയാണ് ഈ മുന്നറിയിപ്പ്.
വിമാനദുരന്തം പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശിപാർശപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് മന്ത്രി വിശദീകരിച്ചു. രണ്ടു നിർദേശങ്ങളാണ് സമിതി നൽകിയത്. റൺവേയുടെ രണ്ടറ്റത്തും 'റെസ' നിർമിക്കാൻ ഭൂമി മണ്ണിട്ടു നിരപ്പാക്കി നൽകാൻ സംസ്ഥാന സർക്കാറിനോട് അഭ്യർഥിക്കണം. 2023 മാർച്ച് 31നു മുമ്പ് ഇത്തരത്തിൽ ഭൂമി വിട്ടുകിട്ടിയില്ലെങ്കിൽ നിലവിലെ റൺവേയുടെ നീളം കുറച്ച് രണ്ടറ്റത്തും 240 മീറ്റർ 'റെസ'ക്ക് നീക്കിവെക്കണം.
റൺവേ നീളം കുറക്കാതെ റെസ നിർമിക്കാൻ റൺവേ-10നോടു ചേർന്ന് ഏഴ് ഏക്കറും റൺവേ -28നോടു ചേർന്ന് ഏഴര ഏക്കറും ഭൂമി വിട്ടുകിട്ടണമെന്നാണ് വിമാനത്താവള അതോറിറ്റി കണക്കാക്കിയത്. ഒമ്പതു മാസത്തിനിടയിൽ സംസ്ഥാന സർക്കാറിനോട് മന്ത്രാലയം പലവട്ടം ഈ ആവശ്യം ഉന്നയിച്ചു.
എന്നാൽ ഇനിയും ഭൂമി നിരപ്പാക്കി കൈമാറിയിട്ടില്ല. വിമാനത്താവള വികസനത്തിനു വേണ്ട ഭൂമി അതതു സംസ്ഥാന സർക്കാർ സൗജന്യമായി ലഭ്യമാക്കണമെന്നാണ് 2016ലെ നയം. വൈഡ് ബോഡി വിമാനങ്ങൾ കൂടി ഇറങ്ങേണ്ട കോഴിക്കോടിന്‍റെ കാര്യത്തിൽ പ്രത്യേക ഇളവിന് വിമാനത്താവള അതോറിറ്റി തയാറായി. നിശ്ചിത നിലവാരത്തിൽ സംസ്ഥാന സർക്കാർ ഭൂമി നിരപ്പാക്കി നൽകുന്നതിന് 120 കോടി രൂപ വരെ ചെലവു വഹിക്കാമെന്ന് അതോറിറ്റി വാഗ്ദാനം ചെയ്തു.
166 കോടി രൂപയാകുമെന്നാണ് കേരള സർക്കാർ അറിയിച്ചത്. അങ്ങനെയെങ്കിൽ അതിന്‍റെ വിശദമായ എസ്റ്റിമേറ്റ്, അതു കണക്കാക്കിയ രീതി, നിരപ്പാക്കൽ ജോലി തുടങ്ങുന്ന തീയതി, നിരപ്പാക്കിയ ഭൂമി വിമാനത്താവള അതോറിറ്റിക്ക് കൈമാറുന്ന തീയതി തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ ഒക്ടോബർ 31ന് വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടതാണ്.
പക്ഷേ, ഇനിയും മറുപടി കിട്ടിയിട്ടില്ല. ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാറിൽനിന്ന് മറുപടി കിട്ടിയില്ലെങ്കിൽ, യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ പാകത്തിൽ റൺവേയുടെ നീളം കുറക്കുകയല്ലാതെ അതോറിറ്റിക്കു മുന്നിൽ മറ്റു മാർഗങ്ങളില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനിടെ, റൺവേയുടെ നീളം കുറക്കാതെ ഭൂമി നിരപ്പാക്കി റെസ സജ്ജീകരിക്കുന്നതിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കൽ നടപടികളിലേക്ക് കടക്കാൻ ഡിസംബർ അഞ്ചിന് വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗ തീരുമാനപ്രകാരം വിമാനത്താവള അതോറിറ്റി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. ഭൂമി വിട്ടുകിട്ടിയാൽ മാത്രമാണ് ഈ ഡി.പി.ആർ അനുസരിച്ച് മുന്നോട്ടു പോകാൻ സാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.