ന്യൂഡൽഹി: സന്നദ്ധ സ്ഥാപനങ്ങളും വ്യക്തികളും വിദേശ സംഭാവന സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മോദി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി വിവാദത്തിൽ. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് വകവെക്കാതെ 'വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ: 2020' ലോക്സഭ പാസാക്കി. തർക്ക വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടണമെന്ന ആവശ്യം തള്ളി.
ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം നിയമഭേദഗതി ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ന്യൂനപക്ഷങ്ങളെ പ്രത്യേകമായി പ്രഹരിക്കാൻ ലക്ഷ്യമിടുന്നതും സന്നദ്ധ പ്രവർത്തനം സംശയ നിഴലിലാക്കുന്നതുമായ അനാവശ്യ നിയമവ്യവസ്ഥകളാണ് ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. എൻ.ജി.ഒകളുടെ സാമൂഹിക പ്രവർത്തനങ്ങൾക്ക് മൂക്കുകയറിടാനും ഭരണകൂടത്തിനെതിരായ വിമർശനങ്ങൾ അടിച്ചമർത്താനും നിയമഭേദഗതി സർക്കാർ ആയുധമാക്കുമെന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
പ്രകൃതിക്ഷോഭം, കോവിഡ് വ്യാപനം തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിൽ ഇറങ്ങി മാതൃകാപരമായി പ്രവർത്തിക്കുന്നത് സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളുമാണെന്ന് കോൺഗ്രസിലെ ഗൗരവ് ഗൊഗോയ് ചൂണ്ടിക്കാട്ടി. അവരെ സംശയനിഴലിലാക്കരുത്. ആത്മവീര്യം തകർത്ത് സന്നദ്ധ സ്ഥാപനങ്ങളുടെ സ്വാഭാവിക ചരമത്തിന് കുഴി തോണ്ടുകയാണ് സർക്കാറെന്ന് മുസ്ലിംലീഗിലെ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസ, ചികിത്സരംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ന്യൂനപക്ഷങ്ങളെ ഉന്നംവെക്കുകയാണ് സർക്കാറെന്ന് കോൺഗ്രസിലെ ആേൻറാ ആൻറണി, വിൻസൻറ് എം. പാല എന്നിവർ പറഞ്ഞു. മതസംഘടനകളുടെ പണി മതപരിവർത്തനമല്ല. എൻ.ജി.ഒകളെല്ലാം ഭരണകൂട വിരുദ്ധരല്ല.
സമൂഹത്തിന് നല്ലതു ചെയ്യുന്നവരെ ഒതുക്കുന്ന ഇത്തരം നിയമനിർമാണങ്ങൾ, രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്ന് എൻ.സി.പിയിലെ സുപ്രിയ സുലെ പറഞ്ഞു. അനാവശ്യ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ പിൻവലിക്കണമെന്ന് തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് ആവശ്യപ്പെട്ടു. പക്ഷേ, സുതാര്യതക്കുവേണ്ടിയാണ് പുതിയ വ്യവസ്ഥകളെന്ന വിശദീകരണത്തോടെ പ്രതിപക്ഷ വാദഗതികൾ സർക്കാർ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.