ന്യൂഡൽഹി: മുന്നൂറിൽ താഴെ തൊഴിലാളികളുള്ള കമ്പനികളിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന് ഇനി സർക്കാറിെൻറ അനുമതി വേണ്ട. തൊഴിലാളി യൂനിയനുകളുടെ എതിർപ്പിനിടയിൽ ഈ വിവാദ വ്യവസ്ഥ ഉൾക്കൊള്ളുന്ന വ്യവസായ ബന്ധ ചട്ടങ്ങൾ സംബന്ധിച്ച ബിൽ സർക്കാർ ലോക്സഭയിൽ വെച്ചു.
നിലവിൽ നൂറിൽ താഴെ തൊഴിലാളികളുള്ള കമ്പനികളിൽ മാത്രമാണ് സർക്കാർ അനുമതി കൂടാതെ 'ഹയർ ആൻഡ് ഫയർ' പോളിസി നടപ്പാക്കാൻ കഴിയുന്നത്. നിയമനത്തിനും പിരിച്ചുവിടാനും സർക്കാർ അനുമതി വേണ്ട. ജീവനക്കാരുടെ പരിധി ഉയർത്തുകയാണ് പുതിയ ചട്ടത്തിൽ ചെയ്യുന്നത്. വ്യവസായ ബന്ധ ചട്ടം 2020ലെ 77(1) വകുപ്പിലാണ് പിരിച്ചുവിടാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ എണ്ണം300ൽ താഴെയെങ്കിൽ ലേ ഓഫ്, പിരിച്ചുവിടൽ, അടച്ചു പൂട്ടൽ എന്നിവക്ക് സർക്കാർ അനുമതി വേണ്ട.
ഈ ചട്ടത്തിനു പുറമെ തൊഴിലിട സുരക്ഷ, ആരോഗ്യം, പ്രവൃത്തി സാഹചര്യം എന്നിവ സംബന്ധിച്ച ചട്ടം, സാമൂഹിക സുരക്ഷാ ചട്ടം എന്നിവയും തൊഴിൽമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു. നേരത്തെ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലോക്സഭയിൽ വെച്ച ബിൽ പിൻവലിച്ചു. 29 തൊഴിൽ നിയമങ്ങൾ ലയിപ്പിച്ച് നാലു ചട്ടങ്ങളാക്കുകയാണ് ചെയ്യുന്നതെന്നും, അതിൽ വേതന ചട്ട ബിൽ കഴിഞ്ഞ വർഷം പാർലമെൻറ് പാസാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു.
തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ സഭയിൽ വെച്ച ബില്ലിനെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും എതിർത്തു. നേരത്തെ തയാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം തെന്ന മാറ്റിമറിക്കുകയാണ് പുതിയ ചട്ടങ്ങളെന്ന് കോൺഗ്രസിലെ മനീഷ് തിവാരിയും ശശി തരൂരും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷം മാത്രം ബിൽ പാർലമെൻറിൽ അവതരിപ്പിക്കണം.
തൊഴിലാളികളുടെ അവകാശങ്ങൾക്ക് കനത്ത പ്രഹരം ഏൽപിക്കുന്നതാണ് ബില്ലുകളെന്ന് അവർ ചൂണ്ടിക്കാട്ടി. ബിൽ പിന്നീട് സഭ ചർച്ചക്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.