ന്യൂഡൽഹി: വധുവോ വരനോ ദലിത് വിഭാഗത്തിൽ നിന്നാവുന്ന മിശ്ര വിവാഹങ്ങൾക്ക് കേന്ദ്ര സർക്കാർ 2.5 ലക്ഷം രൂപ നൽകും. നേരത്തെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മാത്രമായിരുന്നു ഈ ധനസഹായം ലഭിച്ചിരുന്നത്.
മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണഘടനാ ശിൽപി ഡോ. അംബേദ്കറുടെ പേരിലുള്ള പദ്ധതി 2013ലാണ് ആരംഭിച്ചത്. പ്രതിവർഷം 500 ദമ്പതികൾക്ക് ഈ തുക എത്തിക്കുകയെന്ന് സർക്കാർ ലക്ഷ്യമിടുന്നു. എന്നാൽ പദ്ധതി ഇനിയും ലക്ഷ്യത്തോടടുത്തിട്ടില്ല. മോശം തുടക്കമാണ് പദ്ധതിക്ക് ലഭിച്ചത്. 2014-2015 കാലത്ത് അഞ്ച് ദമ്പതികൾ മാത്രമാണ് ഈ പണം കൈപറ്റിയത്. 2015-2016 കാലത്ത് 72 ദമ്പതികൾ ഈ പദ്ധതി ഉപയോഗപ്പെടുത്തി.
കർശനമായ നിയമാവലികളാണ് പദ്ധതിക്ക് മോശം തുടക്കം നൽകിയത്. ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ആദ്യ വിവാഹിതർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത് കാരണം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ദമ്പതികൾ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നില്ല. അഞ്ച് ലക്ഷം രൂപ വാർഷിക വരുമാന പരിധിയും പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതേസമയം ദമ്പതികളുടെ മൊത്തം വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുതെന്ന് സാമൂഹ്യ നീതി- ശാക്തീകരണ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളും ആധാർ നമ്പറുകളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.