ന്യൂഡൽഹി: കോടതിയിൽ മര്യാദ കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്ര സർക്കാറിനെ സുപ്രീംകോടതി ഉണർത്തി. ഇ.ഡിക്ക് അമിതാധികാരം നൽകിയ പി.എം.എൽ.എ വ്യവസ്ഥകൾ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹരജികൾ കേൾക്കുന്നതിനിടയിലായിരുന്നു സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ.
കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത സുപ്രീംകോടതി വിലക്കിയിട്ടും ‘ആപദ് സൂചന’ എന്ന വാക്ക് ആവർത്തിച്ചുപയോഗിച്ചതും ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബലിന്റെ വാദം നിരന്തരം തടസ്സപ്പെടുത്തിയതുമാണ് ഓർമപ്പെടുത്തലിനിടയാക്കിയത്.
ആരെയും കോടതി നടപടിയിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെങ്കിൽ താൻ നാളെ വാദിച്ചോളാമെന്ന് എസ്.ജിയുടെ തടസ്സപ്പെടുത്തലിൽ ക്ഷുഭിതനായി കപിൽ സിബൽ പറഞ്ഞു. ക്ഷമക്കും ഒരതിരുണ്ടെന്നും സിബൽ കോടതിയോട് പറഞ്ഞു. മറ്റാരെയും കേൾക്കാതെ 25 മിനിറ്റ് നേരം കേട്ടിട്ടും വാദവും മുന്നറിയിപ്പും എല്ലാം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഹരജിക്കാരുടെ അഭിഭാഷകരെ പറയാൻ അനുവദിക്കാത്തതെന്ന് എസ്.ജിയോട് കോടതി ചോദിച്ചു. കോടതിയിൽ ഉപയോഗിക്കേണ്ട ഭാഷയല്ല എസ്.ജി ഉപയോഗിച്ചതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വ്യക്തമാക്കി.
അന്തർദേശീയ വേദിക്ക് അനുപൂരകമായി ഇന്ത്യ നടത്തിയ നിയമ ഭേദഗതിയാണെന്ന സോളിസിറ്റർ ജനറലുടെ വാദം സിബൽ തള്ളി. അന്തർദേശീയ കൺവെൻഷൻ മയക്കുമരുന്ന് പണവും ഭീകരതയും സംബന്ധിച്ച് മാത്രമാണ്. പി.എം.എൽ.എ ഭേദഗതി ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്. പി.എം.എൽ.എ ശിക്ഷാ നിയമമല്ല, നിയന്ത്രണ നിയമമാണ്. വ്യക്തിയെ സംരക്ഷിക്കാനുള്ളതല്ല, സ്വത്ത് സംരക്ഷിക്കാനുള്ളതാണ്. ഇ.ഡി കുറ്റമറിയിക്കാതെ സമൻസ് നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സിബൽ ബോധിപ്പിച്ചു.
കോടതി കേസ് കേൾക്കുന്നതുപോലും അവർക്ക് അനുകൂലമാണെന്ന് എങ്ങനെ കരുതുമെന്ന് എസ്.ജിയോട് ബെഞ്ച് ചോദിച്ചു. ചില വിഷയങ്ങളിൽ പഴയ വിധി പുനഃപരിശോധിക്കാറുണ്ട്. മുൻകാലത്തെ ന്യൂനപക്ഷ വിധികൾ പിൽക്കാലത്ത് ഭൂരിപക്ഷ വിധിയായേക്കാം.
ഭരണഘടനാപരമായ പരിശോധനകളിൽ മാറ്റങ്ങളുണ്ടാകും. നിലപാടുകളിൽ മാറ്റമുണ്ടാകും. അതിനാൽ മൂന്നംഗ ബെഞ്ചിന്റെ വിധിയിലേക്ക് നോക്കാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ല.
സുപ്രീംകോടതിയാണ് അന്തിമ കോടതിയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. ഒരു നിലപാട് പുനഃപരിശോധിക്കണമെന്നുപറഞ്ഞാൽ കോടതിക്ക് അതിന് കഴിയും. പഴയ വിധി പുനഃപരിശോധിക്കാനാകും. അതുകൊണ്ടാണ് വലിയ ബെഞ്ചുകൾ പഴയ വിധികൾ പുനഃപരിശോധിക്കുന്നത്. ഭോപാൽ ഗ്യാസ് ദുരന്തത്തിൽ എല്ലാം കോടതി തീരുമാനിച്ചതായിരുന്നു.
എന്നാൽ, അത് പുനഃപരിശോധിച്ചു. സുപ്രീംകോടതിയുടെ അധികാരം വിശാലമാണ്. മൂന്നംഗ ബെഞ്ചിന്റെയല്ല, അഞ്ചംഗ ബെഞ്ചിന്റെയും അതിനേക്കാൾ വലിയ ബെഞ്ചിന്റെയും വിധികൾ പുനഃപരിശോധിക്കാറുണ്ടെന്നും ജസ്റ്റിസ് ഖന്ന തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.