ബി.സി.സി.ഐയുടെ രക്ഷക്ക് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐ കേസില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ വിരമിച്ചതിന് തൊട്ടുപിറകെ ബി.സി.സി.ഐ പരിഷ്കരണത്തിനുള്ള ലോധ കമ്മിറ്റി ശിപാര്‍ശകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി മോദി സര്‍ക്കാര്‍ രംഗത്ത്.

കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിന് പ്രസിഡന്‍റ് അനുരാഗ് ഠാകൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കയെയും നീക്കി പുതിയ മേധാവികളെ നിയമിക്കാനിരിക്കെയാണ് ബി.സി.സി.ഐയുടെ ആവശ്യം മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഏറ്റുപിടിച്ചത്. വിരമിച്ച ചീഫ് ജസ്റ്റിസിന്‍െറ ഉത്തരവ് പിന്‍വലിച്ച് ഹരജിയില്‍ തീര്‍പ്പുണ്ടാക്കാന്‍ വിശാല ബെഞ്ചിന് വിടണമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ലോധ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുണ്ടാക്കുന്നതിന് നടപടികള്‍ തുടങ്ങിയശേഷമാണ് അത്യന്തം നാടകീയമായി കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി സുപ്രീംകോടതിയില്‍ ബി.സി.സി.ഐയുടെ രക്ഷക്കത്തെിയത്. ഏതെങ്കിലും സര്‍ക്കാറില്‍ മന്ത്രിയായവര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ബി.സി.സി.ഐ, സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡ് എന്നിവയില്‍ പദവി പാടില്ളെന്ന ലോധ നിര്‍ദേശം പിന്‍വലിക്കണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂറിന്‍െറ ഉത്തരവ് പുനഃപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ബി.സി.സി.ഐയുടെ കേസില്‍ ഇതുവരെ കക്ഷിയല്ലാത്ത കേന്ദ്ര സര്‍ക്കാര്‍, റെയില്‍വേ അടക്കമുള്ള അസോസിയറ്റ് മെംബര്‍മാര്‍ക്കുവേണ്ടി എന്ന പേരിലാണ് സുപ്രീംകോടതിയില്‍ ഇടപെട്ടത്.

ബി.സി.സി.ഐ ഒരു സ്വകാര്യവേദിയാണെന്നും അതില്‍ സര്‍ക്കാറിന് നാമമാത്രമായ പങ്കാളിത്തമാണുള്ളതെന്നും എ.ജി വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബോര്‍ഡ് ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം വലിയ വിവാദങ്ങള്‍ക്കിടയാക്കും.

റെയില്‍വേ, സര്‍വിസസ്, സര്‍വകലാശാലകളുടെ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ക്ക് ബി.സി.സി.ഐയില്‍ വോട്ടവകാശമില്ലാത്ത അംഗത്വമുണ്ട്. നിലവിലെ നിര്‍ദേശം നടപ്പാക്കിയാല്‍ ഇവരെല്ലാം പുറത്താകും. ഇത് വ്യാപകമായ തര്‍ക്കങ്ങള്‍ക്കുമിടയാക്കും. റെയില്‍വേ, സര്‍വിസസ്, സര്‍വകലാശാലകള്‍ എന്നിവയുടെ അംഗങ്ങളാണ് സര്‍ക്കാര്‍ പ്രതിനിധികളായി ബോര്‍ഡിലുള്ളത്. നിലവിലെ അസോസിയേറ്റ് മെംബര്‍ സ്ഥാനം മാറ്റി ഇവര്‍ക്ക് വോട്ടവകാശമുള്ള അംഗത്വം നല്‍കണം.

ജൂലൈ 18ലെ ഉത്തരവ് പിന്‍വലിച്ച് ഹരജിയില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി വിശാല ബെഞ്ചിന് വിടണമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന ലോധ കമ്മിറ്റി നിര്‍ദേശത്തില്‍ ബി.സി.സി.ഐയും സംസ്ഥാന അസോസിയേഷനുകളും നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു.

പുറത്താക്കിയ ബി.സി.സി.ഐ ഭരണസമിതിക്ക് പകരമുണ്ടാക്കുന്ന അഡ്മിനിസ്ട്രേറ്റിവ് പാനലില്‍ ഉള്‍പ്പെടുത്താനുള്ളവരുടെ പേരുകള്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ സമര്‍പ്പിച്ചു. ഇതു പരിശോധിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒമ്പത് അംഗങ്ങളുടെ പേരുകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചതെന്നും സമര്‍പ്പിച്ച പട്ടിക വളരെ വലുതാണെന്നും നിരീക്ഷിച്ചു. ലോധ കമ്മിറ്റി നിര്‍ദേശിച്ച 70 വയസ്സ് പ്രായപരിധി മാനദണ്ഡം പാലിക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.

എന്നാല്‍, ഇവയില്‍ മാറ്റംവരുത്തുന്നത് കോടതി പരിഗണിച്ചില്ല. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ പുറത്തുപറയരുതെന്ന് നിര്‍ദേശിച്ച കോടതി, ഒമ്പതംഗ സമിതിയെക്കുറിച്ച് 24ന് തീരുമാനമെടുക്കുമെന്നും അറിയിച്ചു.

 

Tags:    
News Summary - central govt. for to security of bcci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.