ഡൽഹിയിലെ ഭരണസിരാകേന്ദ്രങ്ങൾ പരിഷ്കരിക്കുന്നതാണ് സെൻട്രൽ വിസ്റ്റ പദ്ധതി. ഇതിൽ പുതിയ പാർലമെന്റ് മന്ദിരം, അതിനു സമീപം തന്നെ പ്രധാനമന്ത്രിയുടെ വസതി, ഓഫിസ് തുടങ്ങിയവയെല്ലാം ഉൾപ്പെടും. ഇതോടെ രാഷ്ട്രപതി ഭവൻ, ഉപരാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതി, ഓഫിസ് എന്നിവ അടുത്തടുത്താകും.
പുതിയ മന്ദിരത്തിന്റെ സവിശേഷതകൾ
• ത്രികോണാകൃതി കൂടുതൽ സ്ഥലവിനിയോഗം ഉറപ്പാക്കുന്നു.
• പുതിയ കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ മന്ത്രിമാരുടെ ഓഫിസുകൾ, സമിതി യോഗങ്ങൾക്കുള്ള മുറികൾ, ലൈബ്രറി, ഭക്ഷണശാല തുടങ്ങിയവയുണ്ട്.
• തുറന്ന മുറ്റത്തിന് അനുബന്ധമായി സെൻട്രൽ ലോഞ്ച്. അംഗങ്ങൾക്ക് സംവദിക്കാനുള്ള ഇടമാണിത്. മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരം.
• രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം വിളിച്ചോതുന്ന ഭരണഘടന ഹാൾ പുതിയ കെട്ടിടത്തിലുണ്ട്.
• പുതിയ പാർലമെന്റ് മന്ദിരം ദിവ്യാംഗ സൗഹൃദമായിരിക്കും.
ഇന്ത്യൻ വാസ്തുശിൽപ കല
• വേദകാലം മുതൽ ഇന്നുവരെയുള്ള രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങൾ വിവരിക്കുന്ന കലാസൃഷ്ടികൾ നിരവധി.
• വരാന്തയിൽ മഹാത്മാഗാന്ധി, ചാണക്യൻ, ഗാർഗി, സർദാർ വല്ലഭായ് പട്ടേൽ, ബി.ആർ. അംബേദ്കർ എന്നിവരുടെ കൂറ്റൻ പിച്ചള ചിത്രങ്ങളും കൊണാർക്കിലെ സൂര്യക്ഷേത്രത്തിൽനിന്നുള്ള പ്രശസ്തമായ രഥചക്രത്തിന്റെ ചിത്രീകരണവും
• മൂന്ന് ഗാലറികളിലേക്ക് നയിക്കുന്ന പ്രവേശന കവാടങ്ങൾ. ഇന്ത്യയുടെ നൃത്തം, പാട്ട്, സംഗീത പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സംഗീത ഗാലറി, വാസ്തുവിദ്യാ പാരമ്പര്യം ചിത്രീകരിക്കുന്ന സ്തപ്ത്യ ഗാലറി, വിവിധ സംസ്ഥാനങ്ങളിലെ കരകൗശല പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന ശിൽപ് ഗാലറി.
ഇവിടെ ചരിത്രവും കലയും ഒന്നിക്കുന്നു
ഏറെ പ്രത്യേകതകളുള്ള പുതിയ പാർലമെന്റ് മന്ദിരത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ കാലെടുത്തുവെച്ചത്.
വിശാല മന്ദിരം
• നാല് നിലകളുള്ള പാർലമെന്റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണം.
• ലോക്സഭയിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭയിൽ 384ഉം. 1272 അംഗങ്ങൾക്ക് സംയുക്തമായി ലോക്സഭയിൽ ഇരിക്കാനും സൗകര്യം.
• ആൽമരമുള്ള നടുമുറ്റം
• ആറ് പുതിയ കമ്മിറ്റി മുറികളും മന്ത്രിമാരുടെ ഓഫിസാവശ്യത്തിന് 92 മുറികളും.
• ലോക്സഭ ചേംബറിന്റെ ഇന്റീരിയർ ദേശീയ പക്ഷിയായ മയിലിനെ അടിസ്ഥാനമാക്കിയും രാജ്യസഭയുടേത് ദേശീയ പുഷ്പമായ താമരയെ അടിസ്ഥാനമാക്കിയും.
• പാർലമെന്റ് മന്ദിരത്തിന്റെ മാതൃക, ഹിന്ദുക്കളുടെ ആരാധനക്കായി ഉപയോഗിക്കുന്നതും ഊർജസ്രോതസ്സായി കണക്കാക്കപ്പെടുന്നതുമായ ശ്രീ യന്ത്രയുടേതാണ്.
സെൻട്രൽ വിസ്റ്റ, പാർലമെന്റ് നാൾവഴി
• 2019 സെപ്റ്റംബർ: സെൻട്രൽ വിസ്റ്റ മാസ്റ്റർപ്ലാൻ തയാറാക്കി.
• 2020 സെപ്റ്റംബർ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ കരാർ ടാറ്റ പ്രോജക്ട്സ് കമ്പനിക്ക് നൽകി.
• 2020 ഡിസംബർ 10: പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.
• 2022 ജൂലൈ: പുതിയ മന്ദിരത്തിനു മുകളിൽ അശോക സ്തംഭം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
• 2023 മേയ് 28ന് പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.