ന്യൂഡൽഹി: കന്നുകാലികളെ കശാപ്പിന് വിൽക്കുന്നതും മതപരമായി ബലിയർപ്പിക്കുന്നതും നിരോധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം. കാർഷിക ആവശ്യങ്ങൾക്കല്ലാതെ കന്നുകാലികളെ വിൽക്കാൻ പാടില്ല. പശു, കാള, പോത്ത്, ഒട്ടകം തുടങ്ങി എല്ലായിനം കാലികളുടെയും കാര്യത്തിൽ നിരോധനം ബാധകമാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന 1960െല നിയമം 38ാം ഉപവകുപ്പ് അടിസ്ഥാനപ്പെടുത്തി വനം-പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. ജനുവരി 16ന് ഇറക്കിയ കരട് വിജ്ഞാപനമനുസരിച്ചുള്ള അന്തിമ വിജ്ഞാപനമാണ് പുറത്തു വന്നിരിക്കുന്നത്. ജനങ്ങളുടെ ഭക്ഷണരീതിക്കും ആചാരങ്ങൾക്കും നിയന്ത്രണം കൊണ്ടുവരുന്ന വിജ്ഞാപനം കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ വിലക്ക് കാലികളുടെ കശാപ്പ് മിക്കവാറും പൂർണമായി തടയാൻ വഴിയൊരുക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാർഷികാവശ്യത്തിന് വിൽക്കുന്നതിനും കർക്കശ നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാളക്കുട്ടി, പശുക്കിടാവ്, ആറു മാസത്തിൽ താഴെ പ്രായമുള്ള മൃഗങ്ങൾ തുടങ്ങിയവയെ കാർഷിക ആവശ്യത്തിനും വിൽക്കാൻ പാടില്ല. കന്നുകാലികളെ വാങ്ങി ആറു മാസത്തിനകം വീണ്ടും വിൽക്കുന്നതും തടഞ്ഞു. കന്നുകാലികളുടെ വിൽപനക്കും കൈമാറ്റത്തിനും നിരവധി രേഖകൾ ഹാജരാക്കേണ്ടി വരും. കൈമാറ്റം ചെയ്യുേമ്പാൾ കശാപ്പു ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണം. സംസ്ഥാനങ്ങൾക്കു പുറത്തു കൊണ്ടുപോകണമെങ്കിൽ അതത് സംസ്ഥാനങ്ങളുടെ അനുമതിപത്രം വേണം. രാജ്യാന്തര അതിർത്തിയിൽനിന്ന് 50 കിലോ മീറ്ററും സംസ്ഥാന അതിർത്തിയിൽനിന്ന് 25 കിലോ മീറ്ററും ദൂരത്തായിരിക്കണം കന്നുകാലി വിൽപന കേന്ദ്രങ്ങൾ.
വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ കലക്ടർ ചെയർമാനായി ജില്ല മൃഗവിൽപന നിരീക്ഷണ സമിതി രൂപവത്കരിക്കണം. ചീഫ് വെറ്ററിനറി ഒാഫിസർ, ഡിവിഷനൽ ഫോറസ്റ്റ് ഒാഫിസർ, മൃഗസംരക്ഷണ സംഘടനകളുടെ രണ്ടു പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. യോഗം ചേരുേമ്പാൾ നാല് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം. ഇതിനു പുറമേ പ്രാദേശികതലത്തിലും സമിതി രൂപവത്കരിക്കണം. എല്ലാ വിൽപനകേന്ദ്രങ്ങളും നിർദേശങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്യണം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മൂന്നു മാസത്തിനകം പാലിക്കപ്പെടണം. അതനുസരിച്ചു വേണം തുടർന്നങ്ങോട്ട് കാലിച്ചന്തകൾ പ്രവർത്തിക്കാൻ. പുതുതായി ആരംഭിക്കുന്ന കാലിച്ചന്തകൾക്ക് പ്രാദേശിക കമ്മിറ്റിയുടെയും ജില്ലതല കമ്മിറ്റിയുടേയും അംഗീകാരവും വേണം. പരാതി ഉണ്ടായാൽ രജിസ്ട്രേഷൻ റദ്ദാക്കാൻ വകുപ്പുണ്ട്.
കാലി വിൽപന സംബന്ധിച്ച രേഖയുടെ പകർപ്പ് പ്രാദേശിക റവന്യൂ ഓഫിസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടർ, മൃഗവിപണന നിരീക്ഷണ സമിതി എന്നിവർക്ക് നൽകണം. വാങ്ങിയ ആളും വിറ്റയാളും പകർപ്പ് കൈവശം വെക്കണം. കന്നുകാലികളെ ചന്തയിൽ സൂക്ഷിക്കാൻ ഉടമസ്ഥൻ ഫീസ് നൽകണം. ചന്തയിൽ കന്നുകാലികളെ വാഹനങ്ങളിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്ററിനറി ഇൻസ്പെക്ടറുടെ സാന്നിധ്യമുണ്ടാകണം എന്നിങ്ങനെ നീളുന്നതാണ് കർക്കശ നിബന്ധനകൾ. വ്യവസ്ഥ ലംഘിക്കുന്നതിനുള്ള പിഴ ബന്ധപ്പെട്ട സമിതികൾ തീരുമാനിക്കും.
വിലക്കുകൾ
നിയന്ത്രണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.