ന്യൂഡൽഹി: രാജ്യത്തെ തുറമുഖങ്ങളിൽനിന്ന് ആടു കയറ്റുമതി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തടഞ്ഞു. ഇതേത്തുടർന്ന് യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് ബലിപെരുന്നാളിനായി കയറ്റി അയക്കാൻ കൊണ്ടുവന്ന പതിനായിരത്തോളം ആടുകൾ ഗുജറാത്തിലെ ടൂണ തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.
ജെയിൻ സമുദായത്തിേൻറയും മൃഗസ്നേഹികളുടെയും പരാതി മുൻനിർത്തിയാണ് ബലിപെരുന്നാളിനോട് അടുപ്പിച്ച് കേന്ദ്രം കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിലക്ക് എത്രകാലം തുടരുമെന്ന് ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കടൽമാർഗം കന്നുകാലി കയറ്റുമതിക്ക് പടിഞ്ഞാറൻ തീരത്ത് ടൂണ, മുംബൈ തുറമുഖങ്ങളിൽനിന്നു മാത്രമാണ് ഷിപ്പിങ് മന്ത്രാലയത്തിെൻറ അനുമതിയുള്ളത്.
കേന്ദ്രത്തിെൻറ തീരുമാനം ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ 40,000 കുടുംബങ്ങളെയാണ് ബാധിക്കുക. ഗൾഫ് രാജ്യങ്ങളിലെ ബലിപെരുന്നാൾ വ്യാപാരം മുന്നിൽ കണ്ട് പലരും ബാങ്ക് വായ്പയെടുത്താണ് ആടുകളെ വാങ്ങി വളർത്തിയിരുന്നത്. വിമാനങ്ങളിൽ നിരക്ക് അധികമായതിനാൽ ഉരുക്കളിലാണ് വ്യാപാരികൾ വിദേശങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നത്.
ആഗസ്റ്റ് മൂന്നിന് ടൂണ തുറമുഖത്തുനിന്നും ദുബൈ, മസ്കത്ത് എന്നിവടങ്ങളിലേക്ക് ആടുകളെ കൊണ്ടുപോകാൻ ദുബൈ ആസ്ഥാനമായുള്ള കമ്പനിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പതിനായിരത്തോളം ആടുകളെ ടൂണ തുറമുഖത്ത് എത്തിച്ചത്.
എന്നാൽ, ഷിപ്പിങ് മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് ആഗ്സ്റ്റ് ഏഴിന് കച്ച് ജില്ലാ ഭരണകൂടം അനുമതി റദ്ദാക്കി.
കന്നുകാലി കയറ്റുമതിയിൽ കഴിഞ്ഞ വർഷങ്ങളിൽ 500 കോടിക്ക് മുകളിൽ വരുമാനമാണ് വ്യാപാരികൾക്ക് ലഭിച്ചിരുന്നത്. 60 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് ആടുകളെ കയറ്റുമതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.