ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ ഉപയോഗം വ്യാപകമായ പൾസ് ഓക്സിമീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ തുടങ്ങിയ അഞ്ച് മെഡിക്കൽ ഉപകരണങ്ങളുടെ വില കേന്ദ്ര സർക്കാർ കുറച്ചു. ഓക്‌സിമീറ്റർ, ഗ്ലൂക്കോമീറ്റർ, ബി.പി മോണിറ്റർ, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ എന്നിവയുടെ വിലയാണ് കുറച്ചത്.
70 ശതമാനമായി വില കുറയുമെന്ന് രാസവള മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതുസംബന്ധിച്ച് ജൂലൈ 13 ന് നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ)യുടെ ഉത്തരവ് കമ്പനികൾക്ക് കൈമാറിയിരുന്നു. തുടർന്ന് ഇത്തരം ഉപകരണങ്ങൾ നിർമിക്കുന്ന 684 ബ്രാൻഡുകൾ വില വിവരം മന്ത്രാലയത്തിൽ റിപ്പോർട്ടുചെയ്‌തു. ഇതിൽ 620 കമ്പനികൾ തങ്ങളുടെ വില കുറച്ചതായി അറിയിച്ചു. ജൂലൈ 20 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.
ഇറക്കുമതി ചെയ്യുന്ന പൾസ് ഓക്സിമീറ്ററിന് 295 മുതൽ 375 രൂപ വരെ കുറഞ്ഞു. പൾസ് ഓക്സിമീറ്ററുകൾ, രക്തസമ്മർദ്ദ പരിശോധന യന്ത്രം, നെബുലൈസറുകൾ എന്നിവക്കാണ് വില വൻതോതിൽ കുറച്ചത്.
'പൊതുജന താൽപര്യാർഥം 5 മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയിൽ ജൂലൈ 20 മുതൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അവയുടെ വില ഗണ്യമായി കുറയ്ക്കും" -കെമിക്കൽ, രാസവള മന്ത്രി മൻസുഖ് എൽ മണ്ഡവ്യ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.