ന്യൂഡൽഹി: റഫാൽ ജെറ്റ് കരാർ ലഭിക്കുന്നതിന് റിലയൻസ് ഗ്രൂപ്പിന് കേന്ദ്രസർക്കാറിെൻറ സഹായം ലഭിച്ചുവെന്ന ആരോപണത്തെ തള്ളി റിലയൻസ് ഗ്രൂപ്പ് മേധാവി അനിൽ അംബാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെഴുതിയ കത്ത് പുറത്ത്. കേന്ദ്രസർക്കാർ സഹായമില്ലാതെ റഫാൽ പോലുള്ള കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയൻസ് ഗ്രൂപ്പിനില്ലെന്ന വിമർശനത്തെയും അനിൽ അംബാനി കത്തിലൂടെ തള്ളിക്കളയുന്നു.
2017 ഡിസംബർ 12ന് രാഹുൽ ഗാന്ധിക്കെഴുതിയ രണ്ടു പേജ് കത്തിെൻറ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു.
ഗാന്ധി കുടുംബവുമായി ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളത്. തലമുറകളായി അതു തുടരുന്നു. എന്നാൽ, കോൺഗ്രസിെൻറ അധികാര സ്ഥാനങ്ങളിലുള്ളവർ ദൗര്‍ഭാഗ്യകരമായ പ്രസ്താവനകൾ നടത്തിയത് ഏറെ വേദനിപ്പിച്ചു. അനുഭവ സമ്പത്തുണ്ടെന്നു മാത്രമല്ല, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പാണ് ഞങ്ങളുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഉള്ളത് റിലയൻസ് ഡിഫൻസ് വിഭാഗത്തിനാണെന്നും
ഇന്ത്യൻ നാവികസേനക്കു വേണ്ടി അഞ്ച് നേവൽ ഓഫ്ഷോർ പട്രോൾ വെസൽസും (എൻ.ഒ.പി.വി) തീരദേശ സേനക്കു വേണ്ടി 14 ഫാസ്റ്റ് പട്രോൾ വെസൽസും
നിർമിക്കുന്ന കാര്യവും അദ്ദേഹം കത്തിൽ ചുണ്ടിക്കാട്ടുന്നു.
റഫാൽ ഇടപാടില്‍ ഫ്രാന്‍സിൽ നിർമിച്ച 36 വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ ഒരു ഇന്ത്യൻ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ല – അനിൽ അംബാനി കത്തിൽ വ്യക്തമാക്കി.
റഫാൽ ഇടപാടിൽ പ്രദേശിയ പങ്കാളികളായ റിലയൻസ് ഗ്രൂപ്പിനെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം കത്തിെൻറ പകർപ്പ് അയച്ചിട്ടുണ്ട്.
വ്യവസായിക്കുവേണ്ടി സർക്കാർ റഫാൽ കരാറിൽ മാറ്റം വരുത്തിയെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസവും ലോക്സഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിമാനം പോലും നിർമിച്ചു പരിചയമില്ലാത്ത വ്യവസായിയെ റഫാൽ ഇടപാടിൽ മോദി പങ്കാളിയാക്കിയെന്നും രാഹുൽ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.