ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ വിവാദമായ പൗരത്വ ഭേദഗതി നിയമം അടിസ്ഥാനമാക്കി ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷകൾ ഒാൺലൈൻ വഴിയാക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യമറിയിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാർഗം ആലോചിക്കുന്നത്.
ഇതുപ്രകാരം ജില്ലാ മജിസ്ട്രേറ്റിന് കീഴിൽ പുതിയ സംവിധാനത്തിനാണ് രൂപം നൽകുക. പൗരത്വം വേണ്ടവർ ഒാൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. കൂടാതെ, രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഒാൺലൈൻ വഴിയായിരിക്കും. ഒാൺലൈൻ വഴിയുള്ള പൗരത്വ നടപടികളിൽ സംസ്ഥാന സർക്കാറുകൾക്ക് ഒരു തരത്തിലുമുള്ള ഇടപെടൽ നടത്താൻ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. പ്രതിരോധം, വിദേശകാര്യം, റെയിൽവേ, പൗരത്വം, വിദേശിക്ക് പൗരത്വം നല്‍കല്‍ അടക്കം 97 വിഷയങ്ങൾ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും അരങ്ങേറുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു.
ചൊവ്വാഴ്ച ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണച്ചു. നിയമസഭ ഒറ്റക്കെട്ടായി നിയമത്തിനെതിരെ അതിശക്തമായ നിലപാട് എടുത്തപ്പോൾ ബി.െജ.പി മാത്രമാണ് എതിർത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് കേരളത്തിലേത്.
വിവാദമായ പൗരത്വ ഭേദഗതി നിയമ പ്രകാരം 2014 ഡിസംബർ 31 കാലപരിധിയിൽ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാരായ അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. നിലവിൽ ഇന്ത്യൻ പൗരത്വത്തിന് 11 വർഷം രാജ്യത്ത് താമസിക്കണമെന്നത് അഞ്ച് വർഷമായി കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.