കേന്ദ്രം വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോവുകയാണെന്ന് കർഷക സംഘടന

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡിസംബർ ഒൻപതിന് കർഷക സമരം പിൻവലിക്കുമ്പോൾ കേന്ദ്ര സർക്കാർ നൽകിയ രേഖാമൂലമുള്ള വാഗ്ദാനങ്ങൾ പൂർണമായും ലംഘിച്ചെന്ന് സംയുക്ത കിസാൻ മോർച്ച. ഞായറാഴ്ച ഗാസിയാബാദിൽ നടന്ന എസ്.കെ.എമ്മിന്‍റെ ദേശീയ യോഗത്തിലാണ് ആരോപണം.

മിനിമം താങ്ങുവില സംബന്ധിച്ച് സമിതി രൂപീകരിച്ചിട്ടില്ലെന്നും പ്രക്ഷോഭത്തിനിടെ കർഷകർക്കതിരെ രജിസ്റ്റർ ചെയ്ത കള്ള കേസുകൾ പിൻവലിച്ചിട്ടില്ലെന്നും കർഷക സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നൽകുക എന്ന കർഷകരുടെ ഏറ്റവും വലിയ ആവശ്യം പരിഗണിക്കാൻ പോലും കേന്ദ്രം തയ്യാറായില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.

സർക്കാരിന്‍റെ വഞ്ചനയിൽ പ്രതിഷേധിച്ച് ജൂലൈ 18ന് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തുടങ്ങുന്നത് മുതൽ ജൂലൈ 31 വരെ രാജ്യത്തുടനീളം കേന്ദ്രത്തിനെതിരെ പ്രതിഷേധ പരിപാടികൾ നടതത്തുമെന്ന് എസ്.കെ.എം പറഞ്ഞു.

ജൂലൈ 31ന് പ്രതിഷേധ കാമ്പയിനിന്‍റെ അവസാന ദിവസം രാജ്യത്തെ എല്ലാ പ്രധാന ഹൈവേകളിലും രാവിലെ 11 മുതൽ വലിയ പ്രതിഷേധ സംഗമം നടത്തുമെന്ന് എസ്.കെ.എം അറിയിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ തൊഴിൽ രഹിതരായ യുവാക്കളെയും മുൻ സൈനികരെയും അണിനിരത്താൻ യോഗത്തിൽ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതി തുറന്നുകാട്ടുന്നതിനായി ഓഗസ്റ്റ് ഏഴ് മുതൽ 14 വരെ രാജ്യത്തുടനീളം 'ജയ് ജവാൻ, ജയ് കിസാൻ' സമ്മേളനങ്ങൾ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 18 മുതൽ 20 വരെ ലഖിംപൂർ ഖേരിയിൽ 75 മണിക്കൂർ ബഹുജന ധർണ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

Tags:    
News Summary - Farmers' Body Accuses Centre Of Going Back On Its Promises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.