'വിഭജനത്തിന്‍റെ ഭീകരത'യെക്കുറിച്ച് പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മാളുകളിലും 'വിഭജനത്തിന്‍റെ ഭീകത'യെക്കുറിച്ചുള്ള പ്രദർശനങ്ങൾ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 14 വരെയാണ് പ്രദർശനം നടത്തുക. റെയിൽവേ സ്റ്റേഷനുകളിൽ ജനശ്രദ്ധകിട്ടുന്ന സ്ഥലങ്ങളിൽ ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രാലയം റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. വിഭജനം കാരണം വേദനിക്കേണ്ടിവന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വേദനയും കഷ്ടപ്പാടും വെളിച്ചത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 'വിഭജന ഭീതിയുടെ ഓർമ ദിനം' ആചരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനുകളെക്കൂടാതെ 'വിഭജനത്തിന്‍റെ ഭീകരത' ഉയർത്തിക്കാട്ടുന്ന പ്രദർശനങ്ങൾ ബാങ്കുകൾ, പോസ്റ്റ് ഓഫിസ്, ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, നൈപുണ്യ വികസനകേന്ദ്രങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്.

പ്രദർശനത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 14 'വിഭജന ഭീതിയുടെ ഓർമദിനം' ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

700 സ്ഥലങ്ങളിൽ പ്രദർശനം സംഘടിപ്പിക്കാൻ റെയിൽവേ സ്റ്റേഷനുകളോട് ആവശ്യപ്പെടണമെന്ന് സാംസ്കാരിക മന്ത്രാലയ സെക്രട്ടറി ഗോവിന്ദ് മോഹൻ റെയിൽവെ ബോർഡ് ചെയർമാൻ വി.കെ. ത്രിപാതിക്കയച്ച കത്തിൽ പറയുന്നു. പ്രദർശനം സമൂഹത്തിലെ ഒരു വിഭാഗത്തിന്‍റെയും വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലാവരുതെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്, ഇന്ദിര ഗാന്ധി നാഷണൽ സെന്‍റ്ർ ഫോർ ആർട്ട്സ് എന്നിവ സംയുക്തമായണ് പ്രദർശനത്തിന് മേൽനോട്ടം വഹിക്കുക. പ്രദർശനത്തിന്‍റെ ഡിജിറ്റൽ രൂപം ഇംഗ്ലീഷിലും ഹിന്ദിയിലും 'ആസാദി കാ അമൃത് മഹോത്സവ്' വെബ്സൈറ്റിൽ ലഭ്യമാണ്. 

Tags:    
News Summary - Centre To Hold Exhibitions On 'Horrors Of Partition' At Key Public Places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.