ന്യൂഡൽഹി: ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിക്കു കീഴിൽ 81.35 കോടി പേർക്ക് ഒരു വർഷത്തേക്ക് സൗജന്യ റേഷൻ അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി നൽകുക. പദ്ധതി നടപ്പാക്കാൻ രണ്ടു ലക്ഷം കോടി രൂപ അധിക ചെലവ് വരും. ഇത് കേന്ദ്രം വഹിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പദ്ധതിക്കു കീഴിൽ 2-3 രൂപ നിരക്കിലാണ് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. മൂന്നു രൂപ നിരക്കിൽ അരിയും രണ്ടു രൂപ നിരക്കിൽ ഗോതമ്പും അനുവദിച്ചിരുന്നു.
ഇതാണ് പൂർണമായും സൗജന്യമാക്കിയത്. കൂടാതെ, അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതിക്കു കീഴിൽ വരുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി നൽകിവരുന്നുണ്ട്. രാജ്യത്തെ പാവങ്ങൾക്കുള്ള പുതുവർഷസമ്മാനമാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ഡിസംബർ 31ന് കാലാവധി അവസാനിക്കുന്ന പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി നീട്ടി നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.