കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി വിട്ട് തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുകുൾ റോയ്യുടെ ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിൻവലിച്ചു. 67കാരനായ മുകുൾ റോയ്യുടെ സംരക്ഷണത്തിന് നിയമിച്ച സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിനെ തിരിച്ചുവിളിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
സുരക്ഷ സേനയെ പിൻവലിക്കാൻ മുകുൾ റോയ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നതായും അത് പ്രാബല്യത്തിൽ വന്നതായും മുകൾ റോയ്യോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുകുൾ റോയ് ഒരാഴ്ച മുമ്പാണ് തിരികെ തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. അദ്ദേഹത്തിന്‍റെ മകൻ സുഭ്രാൻശുവും പാർട്ടിയിൽ തിരികെയെത്തിയിരുന്നു.
കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച മുകുൾ റോയ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയിരുന്നു.
2017 നവംബറിലാണ് മുകുൾ റോയ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. തൃണമൂലിന്‍റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടത്. തുടർന്ന് 2017 മുതൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു അദ്ദേഹം.
തുടർന്ന് ആദ്യം വൈ പ്ലസ് സുരക്ഷയും പിന്നീട് ഇസഡ് കാറ്റഗറി സുരക്ഷയും ഒരുക്കുകയായിരുന്നു. 22-24 സി.ആർ.പി.എഫ് കമാൻഡോസിന്റെ ഒപ്പമായിരുന്നു ഇദ്ദേഹത്തിന്‍റെ സഞ്ചാരം. കഴിഞ്ഞയാഴ്ച അദ്ദേഹം തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.